2014, മേയ് 25, ഞായറാഴ്‌ച

ചുവന്ന തെരുവിലെ പെണ്ണ്



എനിയ്ക്കറിയാം, അന്ന് ജുഹുവിലെ കടല്‍കാക്കകള്‍ പറക്കാത്ത കടല്‍ പരപ്പ് നോക്കി ആലോചനകള്‍ക്ക് വിരാമാമിടാനാവാതെ വിഷമിച്ചു നില്‍ക്കുകയായിരുന്നു ഋതു.
”ഋതു തു ജവാബ് ക്യൂ നഹി ദേ രഹെ യാര്‍...? മേ തുജെ അച്ചേ സെ സംഭാലൂംഗാ...! മാ കസം...!”
പന്ത്രണ്ടാം നമ്പര്‍ ക്ലാസ് മുറിയുടെ പൊളിഞ്ഞ പടിക്കെട്ടിലിരുന്ന്‍ കുള്‍ഫി നുണയുന്ന ഋതുവിനോട്‌ ചെമ്പന്‍ മുടിക്കാരന്‍ ജെയ്സണ്‍ അത് പറയുമ്പോള്‍ വാതിലിനു മറവില്‍ ഒളിഞ്ഞു നിന്ന എന്നെ അവന്‍ ശ്രെദ്ധിച്ചിരിയ്ക്കില്ല. അതെ ചോദ്യം  പലയാവര്‍ത്തി പലരും അവളോട്‌ ചോദിച്ചിരിയ്ക്കുന്നു. ഇന്ന് ചോദ്യങ്ങളുടെ മരണപ്പാച്ചിലിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് എന്‍റെ ഋതു. ഉത്തരങ്ങള്‍ ഒരു ക്രോസ് വേര്‍ഡിലെ വെള്ളക്കളങ്ങളിലെന്നപോലെ മറഞ്ഞിരിയ്ക്കുകയാണ്.ചോദ്യങ്ങളുടെ കൂട്ടയോട്ടം മാത്രമാണ് നാം കാണുന്നത്. ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രെമിയ്ക്കുന്നവരെ അവര്‍ മറു ചോദ്യങ്ങള്‍ കൊണ്ട് ഇടിച്ചു വീഴ്ത്തും.
“ബേട്ടി ബടി ഹോക്കര്‍ തു ഭി അപനീ മാ കീ തരാ പൈസ കമവോഗി..?” വഷളന്‍ ചിരിയോടെ അമ്മയ്ക്ക് കാശെണ്ണി കൊടുക്കുമ്പോള്‍ കിരണ്‍ലാല്‍ ചോദിച്ചു. ഉമിനീര് വറ്റിയ നാവുകൊണ്ട് അമ്മ അയാളെ ചീത്ത പറഞ്ഞോടിച്ചത് എന്തിനായിരുന്നുവെന്ന്‍ ഋതുവിന് മനസിലായില്ല. എന്തിനായിരുന്നു ആണ്‍ കുട്ടികള്‍ അവളോട്‌ കൂടുതല്‍ അടുപ്പം കാണിച്ചത്.എന്തിനായിരുന്നു കിരണ്‍ലാല്‍ തന്‍റെ കവിളുകളിലും ചുമലുകളിലും തഴുകിയത്. ചോദ്യങ്ങള്‍ ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ അവളെ വീര്‍പ്പു മുട്ടിയ്ക്കുകയാണ്.
കിരണ്‍ലാലിന്‍റെ കൈ പിടിച്ചാണ് അവള്‍ ആദ്യന്മായി സ്ക്കൂള്‍ വരാന്ത കയറിയത്.ഗലിയിലെ പല പെണ്‍കുട്ടികള്‍ക്കും അയാള്‍ തന്നെയായിരുന്നു അച്ഛനും ജ്യേഷ്ടനും അമ്മനും. അമ്മ രാത്രിയിലെ ചോദ്യങ്ങളുടെ മാത്രം ഉത്തരമായിരുന്നു. പകലിനെ അമ്മ ഭയപ്പെട്ടു. അതിനുള്ള  അതിനുള്ള അവരുടെ ഉത്തരമായിരുന്നു, ബ്രോക്കര്‍ കിരണ്‍ലാല്‍. കിരണ്‍ലാലിന്‍റെ ലാളനകള്‍ അതിര് കടക്കുന്നുവെന്ന് തോന്നിയപ്പോള്‍ അമ്മ രാത്രിയുടെ ഭയം വിട്ടു പുറത്തിറങ്ങി. സ്ക്കൂള്‍ ഗേറ്റ് കടന്ന് അവള്‍ അകത്തു കടക്കുന്നത് വര ദൂരെ നിന്നും നോക്കി നിന്നു. മറ്റുള്ളവരുടെ മുന്നില്‍ അമ്മ തന്നില്‍ നിന്നും എന്തിനാണ് അകന്നു നിന്നതെന്നും ഋതുവിന് ഒരു ചോദ്യമായിരുന്നു. രാവേറുവോളം ഉണര്‍ന്നിരുന്ന്‍ ഉറക്കം വറ്റാത്ത കണ്ണുകളും തുറന്നു വെച്ച് അമ്മ അതിരാവിലെ അവള്‍ക്കു റോട്ടിയും സബ്ജിയും ഒരുക്കി കൊടുത്തു. രാത്രി അമ്മയുടെ മുറിയില്‍ നിന്നും ഉയരുന്ന സീല്‍ക്കാരങ്ങള്‍ കേട്ട്, മഞ്ഞ വെളിച്ചത്തില്‍ കണ്ട പാഠപുസ്തകത്തിലെ അക്ഷരങ്ങള്‍ അവളെ നോക്കി അമര്‍ത്തിഗ്രഹിയ്ക്കാനാവാതെ  ചിരിച്ചു. എന്നിട്ടും അര്‍ത്ഥം ഗ്രഹിയ്ക്കാനാവാതെ സംശയങ്ങള്‍ക്കിടയിലൂടെ ഋതു വായിച്ചുകൊണ്ടേ ഇരുന്നു. പിന്നെ പിന്നെ പാഠപുസ്തകത്തിലെ അക്ഷരങ്ങള്‍ അവളെ തലയുയര്‍ത്തി നോക്കാതെയായി. ഋതുവിന്‍റെ ഉത്തരങ്ങള്‍ക്കുമുന്നില്‍ അവര്‍ നാണിച്ചു തല താഴ്ത്തി.
കോളജിലെ ഏറ്റവും നല്ല ചിത്രകാരന്‍റെ ലേബല്‍ ഒരു ശിശിര കാലത്താണ് എന്‍റെ മേല്‍ വന്നു വീണത്. അതിനു ശേഷം വന്ന വേനല്‍ കാലത്താണ് ഞാന്‍ ഋതുവിന്‍റെ ആരാധകനായ് തീര്‍ന്നത്. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നന്നായ് ചിത്രം വരയ്ക്കുന്നതും അവളായിരുന്നു. അവളുടെ ചിത്രങ്ങള്‍ പക്ഷെ അവളെക്കാള്‍ മനോഹരമായിരുന്നു. കഴുത്തൊപ്പം വെട്ടി വികൃതമാക്കിയ മുടിയും, എണ്ണയൊലിയ്ക്കുന്ന മുഖവും, സ്ഥാനം തെറ്റിയ കാക്കപ്പുള്ളികളും ഉള്ളവളായിരുന്നുവെങ്കിലും അവള്‍ സുന്ദരിയായിരുന്നു. അവളെക്കാള്‍ നിറവും മണവുമുള്ള പെണ്‍കുട്ടികള്‍ വേറെ ഇല്ലാത്തതുകൊണ്ടായിരുന്നില്ല, ഋതുവില്‍ എല്ലാവരും ഒരു സൗജന്യം പ്രതീക്ഷിച്ചു. കാരണം അവള്‍ ചുവന്ന തെരുവിലെ പെണ്ണാണ്. അതുകൊണ്ട് തന്നെ ഞാനടക്കം എല്ലാ ആണുങ്ങളും അവളുടെ ഒരു നോട്ടത്തിനോ വാക്കിനോ വേണ്ടി കൊതിച്ചു.അവളുടെ ചിത്രങ്ങളെ കാരണമറിയാതെ പ്രശംസിച്ചു. ഋതുവിന് തന്നോട് മാത്രം കൂടുതല്‍ അടുപ്പമുണ്ടെന്ന്‍ എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചു. ദീപാവലിയ്ക്ക് പങ്കുവെച്ച  മിഠായിപൊതികളില്‍ അവള്‍ ഒരു തിരിച്ചു വ്യത്യാസവും കാണിച്ചില്ല എന്നിട്ടും അവള്‍ക്കെന്നോട് ഒരുതരി സ്നേഹക്കൂടുതലുണ്ടെന്നു ഞാന്‍ ധരിച്ചു.
വേനല്‍ക്കാലത്തായിരുന്നു ഋതു ഏറ്റവും നല്ല ചിത്രങ്ങള്‍ വരച്ചത്. അന്നൊരു വേനലവധിക്കാലത്ത് നടത്തിയ ചിത്ര പ്രദര്‍ശനത്തിലാണ് ചുവപ്പിന്‍റെ ആകുലതകള്‍  വരച്ച് അവളെന്നെ തളര്‍ത്തിയത്.
"നിന്‍റെ ചിത്രങ്ങളില്‍ ഇത്രയധികം ചുവപ്പ് എങ്ങിനെ വന്നു...!!!"
ചുവപ്പില്‍ മുക്കിയ അവളുടെ ഒരു പെയിന്റിംഗ് നോക്കി ഞാന്‍ പ്രസ്താവിച്ചു..
വേനലവധിക്കാലത്തെ പുതുമഴ പെയ്തൊഴിഞ്ഞ ഒരു പകലിലായിരുന്നു ചുവപ്പും കറുപ്പും ഇടകലര്‍ന്ന സ്വപ്നം കണ്ട് ഋതു ഉച്ചമയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. വയറ്റില്‍ കൈകള്‍ അമര്‍ത്തിപ്പിടിച്ച് അവള്‍ അമ്മയുടെ അടുക്കലേയ്ക്ക് ഓടി. അപ്പോഴും തുന്നല്‍ വിട്ട അവളുടെ പാവാടത്തുമ്പില്‍ നിന്നും ചോരയൊലിയ്ക്കുന്നുണ്ടായിരുന്നു. കരച്ചിലടക്കിക്കൊണ്ട് അവള്‍ അമ്മയെ കെട്ടിപ്പുണര്‍ന്നു. അമ്മ പറഞ്ഞു  നീ ഋതുമതിയായിരിയ്ക്കുന്നു. അന്നു മുതല്‍ക്കാണ് അവള്‍ ചുവപ്പന്‍ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയത്. കാറ്റും, കടലും, മഞ്ഞും, മഴയും, നെടുവീര്‍പ്പും,നിശ്വാസവും, അവള്‍ ചുവന്ന നിറത്തില്‍ കണ്ടു. സ്വപ്‌നങ്ങള്‍ ശ്വാസം മുട്ടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അമ്മയുടെ കുങ്കുമം മോഷ്ട്ടിച്ചു ചുവപ്പിന്‍റെ കാലാന്തരങ്ങള്‍ കടലാസില്‍ പകര്‍ത്തി. സംശയങ്ങള്‍ക്കെല്ലാം അവള്‍ ഹോളിയുടെ ബഹുവര്‍ണ്ണം ചാലിച്ച് കടലാസിലാക്കാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു.
കടല്‍കരയിലിരുന്നു പകലും രാത്രിയും ചുംബിയ്ക്കുന്നത് കാണുവാന്‍ കൂട്ടുവരുമോ എന്നവള്‍ ചോദിച്ചപ്പോഴായിരുന്നു ഞാന്‍ ഒരു പുരുഷനാണെന്നു തോന്നിയത്. എന്തൊക്കെയായാലും അവള്‍ ചുവന്ന തെരുവിലെ പെണ്ണാണ്. ഇരുട്ടിനു കറുത്ത നിറമാണെന്ന് ന്യായം പറഞ്ഞു മടിശീല കവരാന്‍ മടിയ്ക്കാത്തവള്‍.അവളെ നിരാശപ്പെടുത്താതിരിയ്ക്കാന്‍ നൂറിന്‍റെ പുതിയൊരു താള് പോക്കറ്റില്‍ കരുതി. ബാന്‍സ്റ്ററിന്‍റെ അവിഹിതം മണക്കുന്ന ചെങ്കല്‍ പാറക്കെട്ടുകളില്‍ ഋതുവിനൊപ്പം ഇരുന്നപ്പോള്‍ എന്‍റെ സ്വകാര്യ അഹങ്കാരത്തിന് കനംവെച്ചു. നാളെ കോളേജില്‍ വച്ച് കഥ കേള്‍ക്കാന്‍ ചുറ്റും കൂടുന്നവരുടെ ആവേശം ഉള്ളില്‍ നിന്നും  തികട്ടി വന്നു. സന്ധ്യയുടെ ചുവപ്പ് കനക്കുകയാണ്. അത് അവളുടെ മുഖത്തേയ്ക്കും പടര്‍ന്നു.
”ഞാന്‍ നിന്‍റെ കയ്യിലൊന്നു തൊടട്ടെ...? നിഷ്ക്കളങ്കതയുടെ മേല്‍ക്കുപ്പായം മാറ്റാതെ ഞാന്‍ ചോദിച്ചു.
അവള്‍ ചിരിച്ചുകൊണ്ട് പച്ച കുത്തിയ വെളുത്ത കൈത്തലം എന്‍റെ നേര്‍ക്ക്‌ നീട്ടി.മുഖത്ത് ചായം തേച്ചു ഹോളി ആഘോഷിച്ചപ്പോഴും അവളിത്ര ചിരിച്ചു കണ്ടിരുന്നില്ല.
“ഞാനൊരു കാര്യം ചോദിയ്ക്കട്ടെ...!” ചുവപ്പ് പടര്‍ന്ന മുഖം തിരിച്ച് അവള്‍ നോക്കി.
“എന്തുകൊണ്ടാ നിങ്ങളാരും മറ്റു പെണ്‍കുട്ടികളെ നോക്കുന്ന പോലെ എന്നെ ഒളിഞ്ഞു നോക്കാത്തത്..?”
“ഞാന്‍ തെരുവിലെ പെണ്ണായതുകൊണ്ടാണോ..?”
"അത്...അ...
വാക്കുകള്‍ എന്നെയനുസരിയ്ക്കാതെ ഓടി മറഞ്ഞു.
കൊട്ടാന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന നൂറു രൂപ വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്നു.
"സാരമില്ല ഞാനത് പ്രതീക്ഷിയ്ക്കുന്നില്ല എനിയ്ക്കറിയാം ഞാന്‍ ചുവന്ന തെരുവിലെ പെണ്ണാണ് എന്ന്‍"
അവള്‍  ചിരിച്ചു...
ട്രെയിനിലെ മരപ്പലകയില്‍ അവളോടൊപ്പം ഇരിയ്ക്കുമ്പോള്‍ കാരണമില്ലാതെ ഒരു കുറ്റബോധം മനസ്സില്‍ വന്നു നിറഞ്ഞു. നീറിപ്പുകയുന്ന മനസിനെ തണുപ്പിയ്ക്കാന്‍ ആത്മാര്‍ഥത തൊട്ടു തീണ്ടാത്ത സ്വരത്തില്‍ ചോദിച്ചു.
" ഋതുവിനെ ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ കൊണ്ട് പോയി വിടാം"
പ്രതീക്ഷിച്ച പോലെ അവള്‍ വേണ്ടെന്നു മന്ദഹസിച്ചു. ആശ്വാസം.
"അല്ല ഒറ്റയ്ക്ക് പോകാന്‍ ഭയമില്ലേ...?"
" ഞാനെന്തിനു ഭയക്കണം ഞാന്‍ ചുവന്ന തെരുവിലെ പെണ്ണാണ്...
"ഞാനെന്തിനു ഭയക്കണം."
"പിന്നെ...." വാക്കുകള്‍ പാതിയ്ക്ക് നിര്‍ത്തി അവള്‍ മാറിടത്തിലേയ്ക്ക് നോക്കി മന്ദഹസിച്ചു.
മുറിയിലേയ്ക്ക് നടക്കുമ്പഴും  അത് തന്നെയാണ് ഓര്‍ത്തത്. അവളെന്തിനു ഭയക്കണം. അവള്‍ ചുവന്ന തെരുവിലെ പെണ്ണാണ്. സ്വന്തമാക്കലുകളില്‍ വിശ്വസിക്കത്തവള്‍. നിസ്വാര്‍ത്ഥ. അവള്‍ സ്വതന്ത്രയാണ്. അവളെന്തിനു ഭയക്കണം.
പിറ്റേന്ന് ജുഹുവിലെ അടുക്കും ചിട്ടയുമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി,  ഒഴിഞ്ഞയൊരിടത്ത് നനയാത്ത മണ്ണില്‍ ഞങ്ങളിരുന്നു.
" ഞാന്‍ ഒരുത്തരം അന്വേഷിയ്ക്കുകയായിരുന്നു....
"ഇന്നലെ എനിയ്ക്കത് കിട്ടി...
എന്‍റെ കൈകള്‍ താലോലിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
ഞാന്‍ സംശയത്തോടെ അവളെ നോക്കി.
അവള്‍ ചിരിച്ചുകൊണ്ട് സല്‍വാറിന്‍റെ  കുടുക്കുകളഴിച്ച് എന്‍റെ കൈകള്‍ അവളുടെ മാറിടത്തിന് മുകളില്‍ വച്ചു.
"ഇതിനു വേണ്ടിയല്ലേ നീ ഇന്നലെ ആ നനഞ്ഞ നോട്ടുമായ് എന്‍റെയൊപ്പം വന്നത്..."
പരുപരുത്ത മാംസത്തില്‍ തട്ടി എന്‍റെ കൈകള്‍ അകാരണമായ് വേദനിച്ചു. മണലില്‍ നിന്നും തലയുയര്‍ത്തി നിന്ന ഒരു ഞണ്ട് എന്നെ നോക്കി കൊഞ്ഞനം കുത്തി. കടല്‍ നോക്കി നില്‍ക്കെ അവള്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ ഭയന്ന്‍ കൈകള്‍ പിന്നോട്ട് വലിച്ചു.
ചുവന്ന പെട്ടിക്കൊട്ടില്‍ നിന്നും ചുവന്ന ഫ്രോക്കിലെയ്ക്കും അവിടെ നിന്നും ചുവന്ന പാവടയിലെയ്ക്കും വളരുമ്പോള്‍ ഋതു കൂടുതല്‍ കൂടുതല്‍ സുന്ദരിയാകുകയായിരുന്നു. ഗലിയുടെ ഇരുട്ടില്‍ ഋതുവിന്‍റെ സൌന്ദര്യം ജ്വലിച്ചപ്പോള്‍, അമ്മയുടെ നെഞ്ചിലെ കനലിനു ചൂടേറി. കിരണ്‍ലാലിന്‍റെ  നോട്ടം അവരെ അസ്വസ്ഥയാക്കി. സ്ക്കൂള്‍ ഗേറ്റ് കടന്ന്‍ ക്ലാസ് മുറിവരെ അവര്‍ ഋതുവിനൊപ്പം നടന്നു.ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍ അവളുടെ മുടി വെട്ടിക്കളഞ്ഞു.അവള്‍ക്കു ധരിയ്ക്കാന്‍ നീളന്‍ പാവാടയും നീളന്‍ കയ്യുള്ള ബ്ലൌസും സമ്മാനിച്ചു.എണ്ണമയം വറ്റിയ തുടുത്ത കവിളില്‍ അവര്‍ വിളക്കെണ്ണ പുരട്ടിയും, കാക്കപ്പുള്ളികള്‍ കുത്തിയും അവളെ കൂടുതല്‍ വിരൂപയാക്കാന്‍ ശ്രെമിച്ചു. പക്ഷെ അപ്പോഴൊക്കെ അവളുടെ സൌന്ദര്യം കൂടി വരുകയായിരുന്നു.അമ്മയുടെ നെഞ്ചില്‍ കനലുകള്‍ എഇഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു ദിവസം, പഴുത്ത കനലില്‍ ചട്ടുകം പഴുപ്പിച്ച് അവര്‍ ഋതുവിന്‍റെ വലതു തുടയും ഇടത് മുലയും പൊള്ളിച്ചു. വെന്തു നീറിയ മാറിടവുമായ് ഋതു പാഠങ്ങള്‍ ഉരുവിട്ടപ്പോള്‍ അമ്മയുടെ മനസ്സില്‍ മഞ്ഞു മഴ പൊഴിയുകയായിരുന്നു.
" ആകാശവും കടലും കൂടിചേരുമ്പോള്‍ ഉദിയ്ക്കുന്ന ചുവപ്പിന്‍റെ ഷേഡ്സിനെ കുറിച്ച് സംസാരിയ്ക്കാനായിരുന്നു ഞാന്‍ ഇന്നലെ നിന്നെ ക്ഷണിച്ചത്.പക്ഷെ നീ വന്നത് എന്‍റെ മാറിടത്തിന്‍റെ വലുപ്പമളക്കാനും
അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
"എന്‍റെ  ദേഹത്ത് നിന്നും നീ കൈ പിന്‍വലിച്ച നിമിഷം മുതല്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു."
"എനിയ്ക്കിനി വരയ്ക്കാം ആരെയും ഭയക്കാതെ..."
"എന്‍റെ അമ്മയോടു ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നു എന്നെ സ്വതന്ത്രയാക്കിയതിനു"
"നിന്നോടും  കിരണ്‍ലാലിനോടും  എനിയ്ക്ക് നന്ദിയുണ്ട് എന്നെ വരയ്ക്കാന്‍ പഠിപ്പിച്ചതിനു..."
കറുത്ത് വരുന്ന മാനം നോക്കി അവള്‍ പറഞ്ഞു.
അനുവാദത്തിനു കാത്തു നില്‍ക്കാത്ത വികൃതി ചെറുക്കനെ പോലെ  മഴ പെയ്തു തുടങ്ങി. മണ്ണില്‍ വീഴുന്ന വികൃതി പയ്യന്‍ അവളുടെ കാമുകനാവാന്‍ ശ്രെമിയ്ക്കുകയാണ്. മഴവെള്ളം വീണ് പടര്‍ന്നൊഴുകുന്ന ഭാര്യമാരുടെ സിന്ദൂരപ്പൊട്ട് കൈത്തലം കൊണ്ട് തടഞ്ഞു നിര്‍ത്തുന്ന തിരക്കിലാണ് ഭര്‍ത്താക്കന്മാര്‍. എനിയ്ക്കറിയാം അവള്‍ക്കിപ്പോള്‍ വേണ്ടത് സിന്ദൂരം മായാതെ നോക്കാന്‍ ഒരാളെയല്ല..അവളുടെ ചിത്രങ്ങളെ  പ്രണയിക്കുന്ന ഒരാളെയാണ്.
കെട്ടിപ്പുണരാന്‍ കൊതിയ്ക്കുന്ന  കാറ്റിനെ പിന്നിലാക്കി ഋതു നടന്നു.
ആര്‍ത്തലച്ചു വന്ന്‍ കരയെ നോവിയ്ക്കുന്ന തിരകള്‍ വന്നുകൊണ്ടേയിരുന്നു. കിരണ്‍ലാലും, അമ്മയും, ഞാനും , പിന്നെ ആ ചുവന്ന തെരുവും അവളുടെ നിറങ്ങളില്‍ പുനര്‍ജനിയ്ക്കുന്നതും കാത്ത് ഞാനും കൂട്ടത്തിലൊരു തിരയായ്‌ കരയെ നോവിച്ചു കൊണ്ടിരുന്നു.