2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ഒരു സംതൃപ്തന്റെ ജനനം






ഇല്ല എനിക്ക് പേരില്ല.   
    അല്ലെങ്കില്‍ നിങ്ങള്‍ക്ക്
    വേണമെങ്കില്‍ എന്നെ “ഞാന്‍”  എന്ന്
വിളിക്കാം.നാളെ എന്‍റെ നോവല്‍ പ്രസിദ്ധീകരിച്ച് വരുമ്പോള്‍
പറയാനൊരു പേര്വേണം .അതേ  “ഞാന്‍” “ഞാന്‍”.
ഞാനൊരു ബ്ലോഗറാണ്. എന്ന് വച്ചാല്‍ സൈബര്‍ ലോകത്ത്
വാക്ക്പയറ്റ് അല്ലാഎഴുത്ത് പയറ്റ് നടത്തി ഉപജീവനം
നടത്തുന്ന ആധുനിക മനുഷ്യരിലെ ഒരിനം.
സൈബര്‍ ലോകം  ഭൌതികലോകത്തിന്റെ ഉപരിതലത്തില്‍ 
പൊങ്ങിക്കിടക്കുന്ന,കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക്‌ മാത്രം 
ദൃശ്യമാകുന്ന ഒരു ലോകമാണ്, അല്ലാഅവസ്ഥയാണ്.
ഇവിടെ യാഥാസ്ഥിതികര്‍ക്ക്  ജീവിക്കാനാവില്ല.അവര്‍ക്ക് ഇവിടെ
എത്തിപ്പെട്ടാല്‍ ശ്വാസതടസവും, മനംപിരട്ടലും, മലബന്ധവും ഒക്കെ വന്നേക്കാം.
ഭൌതിക ലോകവുമായ് താരതമ്യം ചെയ്‌താല്‍ ഇതൊരു
അങ്ങാടിതെരുവിനു സമാനമായിരിക്കും.
ഇവിടെ പലതരം കച്ചവടക്കാരെ കാണാം.
ഭിക്ഷാടനം മുതല്‍ വേശ്യാവൃത്തി വരെ, 
പക്ഷിശാസ്ത്രം മുതല്‍ പര്യവേഷണംവരെ.
എന്തിന് അടിവസ്ത്രത്തിന്റെ വക്ക് 
തുന്നികൊടുക്കുന്ന തുന്നല്‍ക്കാര്‍ വരെ ഉണ്ടിവിടെ
വിസ്കി തൊട്ടുകൂട്ടി വിഷമവും
വിഷമം തൊട്ടുകൂട്ടി വിസ്കിയും കഴിച്ചു
.പറന്നുപോകുമെന്ന് പറഞ്ഞ വിഷമം
ഓരോ പെഗിലും കൂടിക്കൂടി വന്നു.
അത് ക്രമേണ സങ്കടമായി രൂപാന്തരപ്പെട്ട്
എന്‍റെ തലക്ക് ചുറ്റും വട്ടമിട്ട് പറക്കാന്‍ തുടങ്ങി.
പിറ്റേന്നും ഞാന്‍ കുടിച്ചു അന്നും ഞാന്‍ കരഞ്ഞു .
എന്‍റെ രാത്രികള്‍ കുടിയുടെയും കരച്ചിലിന്റെയുമായി.
പകലുകള്‍ നിസoഗതയുടെയും മൂകതയുടെയും.
ക്രമേണ നിസ്സംഗതയായി എന്‍റെ സ്ഥായീഭാവം.
തത്ത പറന്ന്പോയത് സ്വതന്ത്ര്യത്തിലേക്കാണെന്ന്,
നിസ്സംഗത നിറഞ്ഞ കുടിയ്ക്കാതിരുന്ന 
ഒരു പകലില്‍ എനിക്ക് ബോധോദയമുണ്ടായി. 
അന്ന് രാത്രി വട്ടമിട്ടു പറന്ന സങ്കടത്തെ
ഞാന്‍ കൂട്ടിലടച്ച് കുടിക്കാതെയിരുന്ന് വീക്ഷിച്ചു.
മദ്യം സങ്കടത്തെ പൊട്ടിക്കരച്ചിലും പുഞ്ചിരിയെ
പൊട്ടിച്ചിരിയുമാക്കി ഒരു മിഥ്യാബോധത്തെ സൃഷ്ടിക്കുന്നു
എന്ന് ആയിടക്കാണ്‌ എനിക്ക് മനസ്സിലായത്.
അതുകൊണ്ട് "അയാഥാര്‍ത്ഥ്യത്തിന്റെ" (അങ്ങനെ ഒരു വാക്കുണ്ടോ
എന്നറിയില്ല ഗുരുക്കന്മാര്‍ ക്ഷമിക്കട്ടെ )
രണ്ടാം നിലയില്‍ ഇരുന്ന്  ഈ നോവല്‍ എഴുതേണ്ട
എന്ന് ഞാന്‍ തീരുമാനിച്ചു.
യാഥാര്ത്യത്തിന്‍റെ ഒന്നാം നിലയില്‍ ഞാന്‍ സംതൃപ്തനാണ് ,
ഇവിടെ കാറ്റുണ്ട് വെളിച്ചമുണ്ട് മേല്‍ക്കൂരയുണ്ട്.



കയ്യെഴുത്ത്പ്രതിയും കയ്യിലെടുത്ത് ഞാന്‍ നടന്നു.

കാല്‍നടയാണ് സുഖം,കാറ്റ് കൊള്ളാം,പാട്ടുപാടാം.
പുറകോട്ട് പോകുന്ന കാഴ്ച്ചകള്‍ക്ക് വേഗത 
അല്‍പ്പം കുറവാണെന്ന് മാത്രം .
വേഗതക്കുറവ് എന്നെ ഇപ്പോള്‍ അലട്ടുന്നതേ ഇല്ല. 
ഞാന്‍ ഇപ്പോള്‍ പോകുന്നത് എന്‍റെ കാമുകിയുടെ അടുത്തേക്കാണ്.
ഞാന്‍ ഒരു വ്യഭിചാരി ആണെങ്കിലും എന്‍റെ കാമുകി
അങ്ങനെ ആകരുത് എന്നാണ് എന്‍റെ അഭിപ്രായം ,
എനിക്കെന്തുമാകാം ,അവള്‍ക്കത് പാടില്ല .
അവളിപ്പോള്‍ കടല്‍ക്കരയില്‍ ഇരുന്ന്
മണലില്‍ കാല്‍വിരല്‍കൊണ്ട് കുഴികള്‍ നിര്‍മ്മിച്
അതില്‍ കിനിയുന്ന വെള്ളം നോക്കി ഇരിയുകയാവും .
അതുമല്ലെങ്കില്‍ എല്ലാവരേയും പോലെ
തിരകള്‍ എണ്ണുകയാവും.
അതാ...ഞാന്‍ പറഞ്ഞില്ലേ..!!  അവള്‍ തിരയെണ്ണുകയാണ്. 
അവളുടെ മുഖത്തെ കറുത്ത ഫ്രെയ്മുള്ള കണ്ണട
“മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്ത “എഴുതുകാരിക്കണ്ണടയല്ല.
അത് 1.75 ന്‍റെ പവറുള്ള കോണ്‍കേവ് ലെന്‍സ്‌ പതിപ്പിച്ച കണ്ണടയാണ്‌.
അവളുടെ മൂക്കിന്റെ ഇടതു ഭാഗത്തെ മൂക്കുത്തി 
ബൂട്ടീക്കിലെ സ്റ്റട് ഗണ്ണില്‍ തീര്‍ത്തതല്ല.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോ അവളുടെ അമ്മ
തട്ടാനെക്കൊണ്ട് ചെമ്പ്കമ്പികൊണ്ട്  കുത്തിച്ചതാണ് .
അവളുടെ തലമുടി ഷാംപൂ ചെയ്ത് വരണ്ടതല്ല .
എന്നെ കാത്ത് ഈ കടല്‍ക്കരയില്‍ ഇരുന്ന്
ഉപ്പു കാറ്റേറ്റ് വരണ്ടതാണ് .
അവള്‍ കാമുകിയാണ് ഞാന്‍ വ്യഭിചാരിയും .




“പതിനാറു കഴിഞ്ഞോ? “ തിരയെണ്ണുന്ന  അവളെ നോക്കി 
ഞാന്‍ ചോദിച്ചു.



“പതിനാറോ... ഇരുപത്തൊന്നായി.... 

മൂന്നെണ്ണം ദേ ഇവിടെ വരെ വന്നു .”
അവള്‍ കാല്‍വിരല്‍ തൊട്ടുകാണിച്ചു .
അവളുടെ കാല്‍വിരലിലെ മിഞ്ചിയിൽ പറ്റിപ്പിടിച്ച 
കറുപ്പാണ് എനിക്കേറ്റവും ഇഷ്ടം.




“പെണ്‍കുട്ടികള്‍ പതിനാറുവരെ എണ്ണിയാല്‍ മതി  
എന്നാപുതിയ നിയമം."
"അത് കഴിഞ്ഞാ വീട്ടിപ്പോയി ഇരിക്കണം.
"ചോറും കറീം വെക്കണം
"പിള്ളേരെ പെറ്റ്കൂട്ടണം “




അവളുടെ കാലുകളുടെ വശത്ത് 
കാലു ചേര്‍ത്ത് വച്ച് ഞാന്‍ ഇരുന്നു. 
അവള്‍ ചിരിച്ചു കഥയില്ലാത്ത ചിരി, കവിതയില്ലാത്ത ചിരി,
വെറുമൊരു ചിരി .




“എഴുതിത്തീര്‍ന്നോ?” അവള്‍ കയെഴുത്ത്പ്രതി മറിച്ച്നോക്കി ചോദിച്ചു.



“തീര്‍ന്നു !ഇനി നിന്‍റെ ജോലിയാണ്”

ഞാന്‍ പറഞ്ഞു.




“എവിടെ വരെ എഴുതി ...?ആ എവിടെ നിന്‍റെ വയസ്സന്‍ പേന ?”
ഞാന്‍ എന്‍റെ പച്ച ഹീറോ പെന്‍ അവള്‍ക്ക് നീട്ടി.




“അടുത്ത 12 മണിക്കൂറിനുള്ളില്‍ സംഭവിക്കാന്‍ പോകുന്നതടക്കം എഴുതിയിട്ടുണ്ട് “




“അയ്യോ അവസാനം എന്നെ പോലീസ് പിടിക്ക്യോ..?കൊലപാതകമാണേ....“




“ഏയ് എന്തിന്? ഇതും ഈ നോവലിന്റെ ഭാഗമാണെന്ന് പറയണം ...വേണേല്‍




മാര്‍കേസിന്റെ Jermiahയുടെ ഒരു ക്വോട്ടും കൂടി ചേര്‍ത്തോ...



ചോദിക്കുമ്പോ പറഞ്ഞാമതി Jermiahയുടെ കാമുകിയെ പോലീസ് പിടിച്ചില്ലല്ലോ എന്ന് “




“അവന്‍റെ ക്വോട്ട് .... നിനക്ക് വല്ലപ്പോഴും 
മനസിലാകുന്ന ഭാഷ സംസാരിച്ചുകൂടെ എഴുത്തുകാരാ, അല്ലാ.....പിന്നെ“
അവള്‍ പിണങ്ങി .




“ശെരി എന്നാ പറയ്‌ നിനക്കെന്നെ എത്ര ഇഷ്ടമാണ് ....?”
ഞാന്‍ ചോദിച്ചു.




അവള്‍ മൂളിക്കൊണ്ട് ഒരല്‍പം ആലോചിച്ചു....




“മ്... പൈങ്കിളി വേണോ... ന്യൂ ജെനറെഷന്‍ വേണോ..?”




“നീയൊരു ന്യൂ ജെനെരെഷന്‍ കാച്ച്...”
ഞാന്‍ പറഞ്ഞു.




“ന്യൂ ജെനെരെഷനില്‍ ഡയലോഗില്ല ലിപ്പ് ലോക്കേ ഉള്ളു.”
അവള്‍ പൊട്ടിച്ചിരിച്ചു.കടലും ചിരിച്ചു..




“ലിപ്പ് ലോക്ക് നിയമവിരുദ്ധമല്ലേ..ഒരു മറയൊക്കെ വേണ്ടേ...
"ഒളിഞ്ഞിരുന്നാണേല്‍ ഓക്കെ...
"അല്ലെങ്കില്‍ കണ്ണടച്ച് “
ഞാന്‍ എളിമ കാണിച്ചു.




“അതിനു നമ്മള്‍ ഒളിഞ്ഞിരിക്യല്ലേ....
"മുന്നില്‍ കാറ്റും കടലും 
"മുകളില്‍ ആകാശം താഴെ ഭൂമി..
"പുറകില്‍ കുറേ ഒളിഞ്ഞുനോട്ടക്കാരും.അവരെ മൈന്‍ഡ് ചെയ്യണ്ട...”




“നീയാണ് യഥാര്‍ത്ഥ കാമുകി... ഞാന്‍ അവളുടെ തോളില്‍ തട്ടി “




“അല്ലാ...! 12 മണിക്കൂര്‍ കഴിഞ്ഞാല്‍ ഞാന്‍ പിന്നെങ്ങനെ നിന്നെ കാണും ..??”
അവള്‍ സംശയിച്ചു. ന്യായമായ സംശയം .
ഞാന്‍ വായുവില്‍ ഒരു ചതുരം വരച്ചു .




“ഇതൊരു വാതിലാണെന്ന് സങ്കല്‍പ്പിക്കുക .അവള്‍ തലയാട്ടി .
ഉമ്മ തരാന്‍ തോന്നുമ്പോ just knock!!ഞാന്‍ അപ്പുറത്ത് കാണും ”
അവള്‍ വീണ്ടും ചിരിച്ചു .




“നിന്‍റെ ചിരി പരമ ബോറാണ് ...സത്യം... വാ പോകാം “ അവള്‍ വീണ്ടും ചിരിച്ചു




ഞങ്ങള്‍ നടന്നു .ഞങ്ങള്‍ നടക്കുന്നത് ഒരു രഹസ്യ സങ്കേതത്തിലേക്കാണ്.
അവിടെ ഒരു സംഭവം നടക്കാന്‍ പോകുന്നു.
ഒരു പരീക്ഷണം. റിസള്‍ട്ട്‌ മുന്‍കൂട്ടി അറിയാവുന്ന പരീക്ഷണം .
നനഞ്ഞ മണ്ണില്‍ അമര്‍ത്തിച്ചവിട്ടി ഞങ്ങള്‍ നടന്നു.
കുതിച്ചു വരുന്ന തിര 
ആ കാല്‍പ്പാടുകള്‍ മായ്ച്ചു കളയും,
അത് തീര്‍ച്ചയാണ്.
എങ്കിലും ഞങ്ങള്‍ കാലുകള്‍ അമര്‍ത്തിച്ചവിട്ടി നടന്നു.



ഒടുവില്‍ ഞങ്ങള്‍ അവിടെ എത്തിചേര്‍ന്നിരിക്കുകയാണ്.

അല്ലാ ഞാനിപ്പോഴും എഴുതി മുഴുമിപ്പിച്ച
എന്‍റെ നോവലിനെക്കുറിച്ച് പറഞ്ഞില്ല.
അങ്ങനെ പറയത്തക്കതായി ഒന്നുമില്ല.
അത് ഞാൻ തന്നെയാണ്.  
കേടുവരാത്ത ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനിന്റെ കൃത്യതയോടെ,
ഞാന്‍ തന്നെ പകര്‍ത്തിയ എന്‍റെ തന്നെ നീലച്ചിത്രം.
അതെഴുതി മുഴുമിപ്പിച്ച നിമിഷമാണ് ഞാന്‍ 
അഭൂതപൂര്‍ണമായ സംതൃപ്തി എന്തെന്ന് അറിഞ്ഞത്.
ഈ മുറി ശൂന്യമാണ് ദാ കണ്ടില്ലേ ഒഴിഞ്ഞ ചുവരുകള്‍, കോണുകള്‍
പേരുദോഷം പോലെ ഒരു കസേര മാത്രം.




അപ്പൊ ഞങ്ങള്‍ കാര്യപരിപാടിയിലേക്ക് കടക്കട്ടെ.
നിങ്ങള്‍ക്ക് വേണമെങ്കില്‍ കണ്ണുപൊത്താം,കണ്ണടച്ചിരുട്ടാക്കാം.
അതുമല്ലെങ്കില്‍ ഒളിഞ്ഞു നോക്കാം.
കാരണം അവള്‍ പറഞ്ഞത് ഒളിഞ്ഞുനോട്ടക്കാരെ മൈന്‍ഡ് ചെയ്യണ്ടാ എന്നാണ് .




ദാ അവള്‍ ചിരിക്കുകയാണ്..ഇത്തവണ കൂടെച്ചിരിക്കാന്‍ കടലില്ല .
ഞാന്‍ കസേരയില്‍ ഇരുന്നു.
അവള്‍ നിലത്തിരുന്ന് ബാഗില്‍ നിന്ന് 
നാല് തുണ്ട് കയറുകള്‍ എടുത്തു.




“നീ എന്നെ ബലാത്സംഗം ചെയ്യാന്‍ പോകുകയാണോ...?”




“അതേ... അവള്‍ കയറുകളുടെ ബലം പരീക്ഷിച്ചു കൊണ്ട് പറഞ്ഞു.




“ഞാന്‍ നിനക്ക് വഴങ്ങി തരാമല്ലോ... ഈ കെട്ടിയിട്ടുള്ള....പീഡനം വേണോ ..?”
എന്‍റെ മുഖത്ത് ഭയം..




“വേണം....പിടിച്ചടക്കുന്നതിന്റെ സുഖം ഒന്നറിയണ്ടേ....”
അവള്‍ വശ്യമായി പുഞ്ചിരിച്ചു.




അടുത്ത് വന്ന്‍ എന്‍റെ വലതുകാല്‍ കസേരയോട് ചേര്‍ത്ത് കെട്ടി.




“ഞാന്‍ ഇന്നലെ രാത്രി  ഒരു ഫ്രെഞ്ച് പടം കണ്ടാരുന്നു.
"അതുപോലെ വല്ലതുമാണോ..??
പക്ഷെ അതില്‍ നായികയെ ആയിരുന്നു കസേരയില്‍ കെട്ടിയിടുന്നത്”




അവള്‍ എന്‍റെ ഇടതു കാലിലേക്ക് തിരിഞ്ഞു.




“ആഹ്... ഇതതല്ല ... ഇതിന്ന് രാവിലെ ഞാന്‍ കണ്ട മലയാളം പടതിലുള്ളതാ.”
അവള്‍ എന്നെ നോക്കി മേല്‍ച്ചുണ്ട് കടിച്ചു പുഞ്ചിരിച്ചു .




“അവിടെ കേട്ടുമ്പോ സൂക്ഷിക്കണം.പഴയൊരു മുറിവുണ്ട്.എന്‍റെ ഐഡന്റിഫികേഷന്‍
മാര്‍ക്ക്...”




“ഓഹ്... പിന്നെ ഐഡന്റിടി ഇല്ലാത്തവനല്ലേ ഐഡന്റിടിഫികേഷന്‍ മാര്‍ക്ക് “  
അവള്‍ ചിരിച്ചു.അവള്‍ സദാ ചിരിക്കുന്നു.
ചിരിക്കാന്‍ വേണ്ടിയാണ് അവള്‍ ജനിച്ചത്‌ തന്നെ എന്ന് തോന്നുന്നു.




“ഹാ.. അതും ശരിയാ...”ഞാന്‍ നിര്‍വികാരനായി മൊഴിഞ്ഞു.




അവള്‍ എന്‍റെ കൈകളും ചേര്‍ത്ത് കെട്ടി .
വലതു കൈ ചലിപ്പിക്കാവുന്ന രീതിയില്‍, എന്തിനാണോ എന്തോ..




“കെട്ടിയിടണo എന്ന് നിര്‍ബന്ധമാണോ...??”
ഞാന്‍ ചോദിച്ചു...




“വേണം...അല്ലെങ്കി നീ ഓടിപ്പോകും “
“മതി നിന്‍റെ നാടകം കളി “




ഞാന്‍ നോക്കി നില്‍ക്കെ അവള്‍ ബാഗില്‍ നിന്നും 
നിറമില്ലാത്ത മദ്യക്കുപ്പി പുറത്തെടുത്തു




“വോഡ്കയാണോ ?” ഞാന്‍ ചോദിച്ചു




“അതേ... സാഹിത്യകാരാ... നിനക്ക് വേണ്ടി
ഞാന്‍ ബീവറേജ് ന്‍റെ വരാന്തയില്‍ ക്യൂ നിന്ന്  വാങ്ങിയതാ...”




“നീയാണ് യഥാര്‍ത്ഥ കാമുകി “
എന്‍റെ മുഖത്ത് ആനന്ദം അലതല്ലി.




“ഹൊ...ഇതൊന്ന്  മാറ്റി പറയുവോ..?”
അവള്‍ ആ തിര തല്ലിപ്പോഴിച്ചു.




“ശരി... എന്നാ നീ ശൂര്‍പ്പണഖയുടെ റീബര്‍ത്ത് ആണോ ..? 
അതോ സീതയുടെ ഇന്‍കാര്‍നേഷനോ...??”




“അല്ലാ... രണ്ടും കൂടിയത്....” 
അവള്‍ ചിരിച്ചുകൊണ്ട് കുപ്പി പൊട്ടിച്ച് 
മദ്യം ഗ്ലാസ്സിലേക് പകര്‍ന്നു .




“ഇതൊക്കെ നീ എങ്ങനെ പഠിച്ചു ?”




”‘അച്ഛന്റെ ബോട്ടിലില്‍ കുറെ പ്രാക്ടീസ് ചെയ്തതാ “




“ഗുഡ്...അപ്പൊ നീ രണ്ടും കൂടിയത് തന്നെ...
എന്‍റെ സംശയം തീര്‍ന്നു“




“അല്ലാ.. ഇനി ഒരു കറുത്ത തുണി വേണ്ടേ..? അങ്ങനല്ലേ ?”
ഞാന്‍ ചോദിച്ചു...




“അതേ ഉണ്ട് “
അവള്‍ കറുത്ത തൂവാലയുമായി എന്‍റെ മുന്നില്‍ വന്നു നിന്നു.
കണ്ണിനു നേരെ മുഖം അടുപ്പിച്ചു .




"എന്‍റെ കണ്ണില്‍ തന്നെ നോക്ക്...
പ്രൈമറി സ്കൂളില്‍ ടീച്ചറെപ്പോലെ അവള്‍ കണ്ണുതുറുപ്പിച്ചു.
ഞാന്‍ അവളുടെ കണ്ണുകളില്‍ നോക്കി .
കണ്ണടക്കപ്പുറം എപ്പഴോ സ്വപ്നം കണ്ടു മറന്ന കടലിന്റെ ശാന്തത. 
തിരയിളക്കം പോലുമില്ലാത്ത ശാന്തത.




“മതി...” അവള്‍ എന്‍റെ കണ്ണുകള്‍ മൂടിക്കെട്ടി .
ഞാന്‍ അന്ധനായിതീര്‍ന്നിരിക്കുകയാണ്.
ഇത് വരെ സംഭവിച്ചത് ഞാന്‍ തീരുമാനിച്ചതുപോലെ .
അതുകൊണ്ട് ഇനിയുള്ളതും അങ്ങനെയായിരിക്കും.




അവള്‍ മദ്യം നിറച്ച ഗ്ലാസ് എന്‍റെ കയ്യില്‍ വെച്ച് തരും.
കെമിസ്ട്രി ലാബില്‍ നിന്നും ചൂണ്ടിയ
സയനൈഡ് ബോട്ടിലില്‍ നിന്നും രണ്ടു തുള്ളി
ഗ്ലാസില്‍ ഉറ്റിക്കും.
അയഥാര്‍ത്ഥത്തിന്റെ കോണിപ്പടികയറാനുള്ള ഊര്‍ജം
മദ്യഗ്ലാസില്‍ നിറച്ച് തന്ന്,
എന്നെ മരണത്തിന് ഒററ്കൊടുത്ത്,
അവള്‍ തിരിഞ്ഞു നോക്കാതെ നടന്നകലും.
അവള്‍ക്ക് ഞാന്‍ തന്നെ ആയിരുന്നു കഴിഞ്ഞ വര്‍ഷo 
ഒറ്റുകാശ് എണ്ണിക്കൊടുത്തത്.
ഈ നോവല്‍ എഴുതിത്തുടങ്ങിയ അന്ന് മുതലെന്നും  
അവള്‍ കടല്‍ക്കരയില്‍ എന്നെക്കാത്ത് ഇരിക്കാറുണ്ടായിരുന്നു .
അവള്‍ കാമുകിയാണ് ഞാന്‍ വ്യഭിചാരിയും .




ഇതെന്റെ നോവലിന്റെ അവസാന അധ്യായമാണ്,
ഈ പരീക്ഷണമാണ്  ഇതിന്റെ  അവസാനം.
ഈ നാല് ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ സംതൃപ്തനാണ്.
കൂട്ടിനോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ലീഷേ
ഫാക്ടര്സ് ആയ ഏകാന്തതയും നിശബ്ദതയേയും,
വരിഞ്ഞുകെട്ടി കൊണ്ടുവന്നിട്ടുണ്ട്.
അവരെ കെട്ടഴിച്ച് വിടാം.
അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളില്ല.
അവള്‍ വാതിലും ജനലും അടച്ചിട്ടാണ് പോയത്.
മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. 
ഞാന്‍ നോക്കി നില്‍ക്കെ 
ഏകാന്തതയും നിശബ്ദതയും പ്രണയത്തിലായി. 
ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്.
അവര്‍ പരസ്പരം ചുംബിക്കുന്നു .രതിയിലേര്‍പ്പെടുന്നു.
അവരുടെ രതി കൂജനത്തിന് കാതോര്‍ത്ത് ഞാന്‍ മദ്യം വായിലേക്ക്
കമഴ്ത്തി.




നേരം 5:36 പക്ഷികള്‍ ചിലക്കാത്ത പ്രഭാതം .
അവള്‍ പുസ്തകം മടക്കി വെച്ച് കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു .
അവളുടെ വിരലുകള്‍ കീപാഡില്‍ അക്ഷരങ്ങള്‍ തപ്പി നടന്നു .




അതേ...ഒരു സംതൃപ്തന്റെ ജനനം...         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ