മൂവായിരം രൂപ
!മെഡിക്കല്‍ ഷോപ്പിലെ പയ്യന്‍ പറഞ്ഞത് അയാള്‍ മനസ്സിലിട്ടുഴിഞ്ഞു.സൂര്യന്‍
തലയ്ക്ക് മുകളില്‍ ചുട്ടു പഴുക്കുകയാണ് ,വിയര്‍പ്പ് അയാളുടെ മൂക്കിന്‍
മുകളിലൂടെയും,കഴുത്തിലൂടെയും ഒഴുകിയിറങ്ങി .വരണ്ട തൊണ്ട നനയ്ക്കാന്‍ നാവുകൊണ്ട്
ചുണ്ട് നനച്ച് ഉപ്പു കലര്‍ന്ന വിയര്‍പ്പ് ഉമിനീരും കൂട്ടി ഇറക്കി .അയാള്‍ കാലുകള്‍
നീട്ടി വലിച്ച് നടന്നു .
“2
മണിയാകുമ്പോഴേക്കും ഈ മരുന്ന് വാങ്ങീട്ട് വരണം
പുറത്തു നിന്ന്
വാങ്ങിച്ചോ. ഇവടെ കാണത്തില്ല “ നേഴ്സ്
പറഞ്ഞു.
അങ്ങനെയാണ് അയാള്‍
മെഡിക്കല്‍ ഷോപ്പിലെത്തിയത്.
“നീയെന്നെ
ശപിക്കരുത് രാജമ്മേ .....!!നീയീ വേദന തിന്നുന്നത് കണ്ടോണ്ടിരിക്കാന്‍ വയ്യാത്ത
കൊണ്ടാ.....!”
അയാള്‍ കട്ടിലില്‍
ഇരിക്കുന്ന ഭാര്യയുടെ മുടി വശത്തേക് മാടി വച്ച് ,മഞ്ഞചരടില്‍ കോര്‍ത്ത താലി
അഴിച്ചെടുത്തു .
“വേറെ
വഴിയില്ലാത്തകൊണ്ടാ......”
അയാള്‍ താലി
കൈവെള്ളയിലിട്ടുഴിഞ്ഞുകൊണ്ട് പറഞ്ഞു.
ഉറക്കമില്ലാതെ
ചുവന്നു വീര്‍ത്ത അയാളുടെ കണ്ണില്‍ നനവ് പടര്‍ന്നു .
അത്
കണ്ടിട്ടെന്നോണം അവളുടെ കണ്ണിലും ഒരു നീരുറവ പൊടിഞ്ഞു .
“നീ കണ്ണു തൊടക്ക്...
ആളുകള് കാണും “
അയാള്‍ പറഞ്ഞു.
വാര്‍ഡില്‍ നല്ല
തിരക്കാണ് .രോഗികളുടെയും അവരെ കാണാന്‍ വരുന്നവരുടെയും ബഹളം .
“ഞാന്‍
പെട്ടെന്നിങ്ങ് വരാം “
അയാള്‍ ഭാര്യയുടെ
കവിളില്‍ തലോടിക്കൊണ്ട് പറഞ്ഞു.
“ചേച്ചി... ഒന്ന്
നോക്കിക്കോണേ...!!ഞാനൊരു മരുന്ന് വാങ്ങീട്ട് പെട്ടെന്നിങ്ങ് വന്നേക്കാം “
അടുത്ത ബെഡ്ഡില്‍
കിടന്ന സ്ത്രീയോട് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടന്നു .
അവര്‍ ദൈന്യതയോടെ
അവളെ നോക്കി ചിരിച്ചു .
ലോകം മുഴുവന്‍
രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന്തോന്നി അയാള്‍ക്ക് .
അയാളുടെ ലോകം ആ
ആശുപത്രിയായി മാറിയിരിക്കുന്നു .ആ കട്ടില്‍ അയാളുടെ വീടും ,തൊട്ടടുത്ത
കട്ടിലിലുള്ളവര്‍ അയല്‍ക്കാരും ,ഇടയ്ക്കിടെ വന്നു പോകുന്ന നേഴ്സ്മാര്‍ അയാളുടെ ബന്ധുക്കളും .
അയാള്‍ ആശുപത്രിയുടെ
പടികളിറങ്ങി .മെയിന്‍ ഗേറ്റിലൂടെ ഒരാമ്പുലന്‍സ് ചീറിപ്പാഞ്ഞു വന്നു .കുറേ ആളുകള്‍
അങ്ങോട്ട് ഓടിക്കൂടി സ്ട്രെചെറില്‍ ഒരാളെ കിടത്തി രണ്ട് അറ്റന്‍ഡര്‍മാര്‍
ആശുപത്രിയുടെ അകത്തേക് .അവരുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഒരു സ്ത്രീയും അവരുടെ മകനും
.
ആശുപത്രിയുടെ
മുന്നിലെ മെഡിക്കല്‍ ഷോപ്പുകളിലും ,തട്ടുകടകളിലും നല്ല തിരക്കാണ് .
ഒരു
കൊച്ചുകുഞ്ഞിനെയും പൊതിഞ്ഞുകൊണ്ട് ഒരു സ്ത്രീ ഇറങ്ങിവരുന്നു ,അവരുടെ പുറകെ ഒരു
യുവതിയും ,അവളുടെ ഭര്‍ത്താവും .
അയാള്‍ ഒരു നിമിഷം
,ആ കെട്ടിടത്തിലേക്ക് നോക്കി .അത് ഒരേ സമയം മരണത്തിന്‍റെ ഇരുട്ടിലേക്കും
,ജീവിതത്തിന്‍റെവെളിച്ചത്തിലേക്കും തുറക്കുന്ന വാതിലാണ് എന്നയാള്‍ക്ക് തോന്നി .
പക്ഷെ തന്‍റെ
ജീവിതം തെളിഞ്ഞതല്ല .
തന്‍റെ കാലുകള്‍ ആ
വാതില്‍ പടിയിലെ ചതുപ്പില്‍ ഉറഞ്ഞുപോയിരിക്കുന്നു .
മൂവായിരം രൂപ
!അയാള്‍ മനസ്സില്‍ പറഞ്ഞു.
ഗേറ്റ് കടന്ന്
അയാള്‍ വെളിയിലേക്ക് നടന്നു .
അയാള്‍ക്ക് ആ
നടപ്പില്‍ പുതുമ തോന്നിയില്ല .
കാലങ്ങളായ് തുടര്‍ന്നുകൊണ്ടിരിക്കുന്നതാണത്.
വഴിക്ക് വഴി വന്ന
ദുരിതങ്ങള്‍ അയാളെ തളര്‍ത്തിയില്ല .അയാള്‍ നടന്നു .
പുതിയ പ്രതീക്ഷകള്‍ക്ക്
വെള്ളവും വളവും നല്‍കി അയാള്‍ വളര്‍ത്തിയെടുത്തു .
വിശപ്പും ദാഹവും
അയാളെ തളര്ത്തുന്നുണ്ട്.പാടില്ല ..! അതിലും വലുതാണ് അവളുടെ വേദന .
ഏതു വിഷമത്തിലും
,അവളുടെ ചിരിക്കുന്ന മുഖമാണ് അയാള്‍ക്കാശ്വാസമായത് .അത് അയാള്‍ക്കെന്നും കാണണം .
റോഡിനിരുവശത്തും
വലിയ കെട്ടിടങ്ങള്‍ മാത്രം ,കുറച്ചകലെ ഒരു തട്ടുകട കണ്ടപ്പോള്‍ അയാള്‍ക്ക്
കുറച്ചാശ്വാസം തോന്നി .
“അതേയ് ... ഇവിടെ
അടുത്തെങ്ങാനും വല്ല ചെറിയ സ്വര്‍ണ്ണക്കടയോ ,തട്ടാന്മാരോ എങ്ങാനും കാണുവോ?”
തിളച്ച
എണ്ണയിലേക്ക് മാവിട്ടുകൊണ്ടിരിക്കുന്ന കടക്കാരനോട് അയാള്‍ ചോദിച്ചു .
അയാള്‍ കൈ കഴുകി
.മൊരിയുന്ന പരിപ്പുവട മറിച്ചിട്ട്കൊണ്ട് തെല്ലിട മിണ്ടാതെ നിന്നു.
“ആ വളവ്
തിരിഞ്ഞ്നേരെ നടന്നാ മതി “
അയാള്‍ ദൂരേക്ക്കൈ
ചൂണ്ടി പറഞ്ഞു.
ചില്ലലമാരിയില്‍
നിറയേ എണ്ണപ്പലഹാരങ്ങള്‍ ,തൂക്കിയിട്ടിരിക്കുന്ന ബിസ്കറ്റ് പൊതികള്‍,നിരത്തി
വച്ചിരിക്കുന്ന ഗ്ലാസുകള്‍ .
അടുത്ത് കിടക്കുന്ന
ബെഞ്ചിലിരുന്ന്ഒരാള്‍ പത്രവും പിടിച്ച് ചായയും വാര്‍ത്തയും ഒരുമിച്ച് കുടിക്കുന്നു
.
രണ്ടു മൂന്നു ചെറുപ്പക്കാര്‍
അതിനടുത്തു നിന്ന് ചായ കുടിക്കുന്നുണ്ട് .
അയാള്‍ കടയില്‍
നിന്നും ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് അവരെ ശ്രദ്ധിച്ചു .
യുവാക്കളിലോരാള്‍: “2
ദിവസം കൊണ്ട് കുടിച്ചത് 12000 രൂപയുടെ
കള്ളാണ്....,വല്ല ബോധവുമുണ്ടോ..??”
“:എന്നാലും വല്ല്യ
നഷ്ടമില്ലളിയാ.... ബോംബെലാരുന്നേല്‍ ഈ സമയം ഒരു 15000 പൊട്ടിയേനെ ...”
മറ്റൊരുവന്‍
സിഗരറ്റിന്റെ പുക ഊതിക്കൊണ്ട് പറഞ്ഞു.
“:ഇതൊക്കെ എങ്ങോട്ട്
പോകുന്നെന്നാ.. മനസിലാകാത്തത്.....
ഒരു ഫുള്ളിനോന്നും
ഒരു വെലേം ഇല്ലേ ?”
ബൈക്കില്‍ നിന്ന്
എന്തോ ആലോചിച്ചു നിന്ന മറ്റൊരുവന്‍ .
ഗ്ലാസ് തിരികെ നല്‍കി
അയാള്‍ നടന്നു .
കൈ നിവര്‍ത്തി
ചുരുട്ടിപ്പിടിച്ച താലിയില്‍ ഒരു നിമിഷം നോക്കി .
പഴുത്ത വെയിലില്‍
അത് കയ്യില്‍ കിടന്ന് ഉരുകുകയാണെന്ന് തോന്നി .
കണ്ടു കൊതി തീരും മുന്‍പ് മകളേ തട്ടിയെടുത്തപ്പോഴും ,ഭാര്യക്ക്
മാറാരോഗത്തിന്റെ തീരാവേദന നല്‍കിയപ്പോഴും ,ശപിക്കാതിരുന്ന ദൈവത്തിന് നേരെ കാര്‍ക്കിച്ചുതുപ്പി അയാള്‍ സ്വര്‍ണ്ണക്കട ലക്ഷ്യമാക്കി നടന്നു