2016, സെപ്റ്റംബർ 10, ശനിയാഴ്‌ച

ഒറ്റച്ചിറകുള്ള കിനാവ്

ദേശക്കണക്ക് എന്നൊരു കൂട്ടമുണ്ട്, എന്നുവെച്ചാൽ ഒരു ദേശം ജനിച്ചത് മുതൽ ഇന്ന് എത്തി നിൽക്കുന്നത് വരെയുള്ള നാൾ വഴികൾ, ശത കോടികൾ വരാൻ സാധ്യത തീരെ കുറവ്, ആയിരങ്ങളോ ലക്ഷ്യങ്ങളോ ആവാം. മേല്പറഞ്ഞ ദേശക്കണക്കിന്റെ മുക്കാൽ ഭാഗമായി, രാഗമേരു തന്റെ കാമുകിയെ കാത്തു, നിലാവിന്റെ തണലത്തു വിശ്രമിയ്ക്കുന്നു. കാർമേഘങ്ങളുടെ ഒഴുക്ക് നിലച്ച ശേഷം ചന്ദ്ര ശകലം പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോൾ രാഗമേരുവിന്റെ ചിന്തകളിൽ വെളിച്ചം വീശും, ഇരുണ്ട മൌനത്തിനു തിളക്കം വെച്ച് തുടങ്ങും. എന്നാൽ ഇന്നേവരെ രാഗമേരുവിനെ അന്വേഷിച്ച ഒരു കരിയില തുണ്ടു പോലും പ്രത്യക്ഷപ്പെട്ടില്ല. താഴ്‌വാരത്തു നിന്ന് ഒരു പെൺ മൊഴിയുടെ മൂളലോ, മുഴക്കമോ കേട്ടാൽ രാഗമേരു അനക്കാൻ വയ്യാത്ത ശിരസ്സ് പതിയെ ഉയർത്താൻ നോക്കും. നെറുകയിൽ ഉറച്ചു പോയ വെള്ളാരം കല്ല് പൊട്ടി, സ്നിഗ്ദ്ധമായ കന്മദം ഒഴുകിയിറങ്ങും. മദജലം ഒഴുകിയ വേദനയിൽ വെപ്രാളപ്പെട്ട് രാഗമേരു വീണ്ടും നിശ്ചലനാകും. ഒരിയ്ക്കൽ രാഗമേരുവിനെ അന്വേഷിച്ച ഒരു കോടക്കാറ്റു   വന്നു. അന്യദേശത്തു അസഹ്യമായ ചൂടും പുകയും കൊണ്ട്, ദുർബലമായ മാറിടവും, വളഞ്ഞൊട്ടിയ നട്ടെല്ലുമായ് ഒറ്റച്ചിറകു വീശി ഓടിക്കിതച്ചു വന്ന് അവൾ രാഗമേരുവിന്റെ തോളിൽ ഇരിയ്ക്കാനൊരിടം ചോദിച്ചു.  മൈഥിലി എന്നവൾ സ്വയം പരിചയപ്പെടുത്തി. ഇരിപ്പിടത്തിനു പകരമായി തണുപ്പും, നരവീണ മുടികളിൽ മിനുപ്പും, ചുളിവ് വീണ കഴുത്തിൽ വെളുപ്പും വാഗ്ദാനം ചെയ്‌തു. വഴി ഒന്നും ഇല്ലാതെയല്ലാതെ രാഗമേരു, കഴുത്തിൽ പുണർന്നു കിടന്നോളാൻ പറഞ്ഞു. മൈഥിലിയെ പുതച്ചു വീണ്ടും രാഗമേരു തന്റെ കാത്തിരുപ്പ് തുടർന്നു. പിന്നീട് താഴ്‌വാരത്തു പെൺമൊഴി കേട്ടാൽ മൈഥിലി വിളിച്ചു പറയും, അത് വഴി തെറ്റി പോയ ചോല മാനാണ്, അവൾ തന്റെ ഇണയെ തേടുകയാണ്. രാഗമേരു മൗനമായ് മന്ദസ്മിതം പൊഴിയ്ക്കും. ഒരിയ്ക്കൽ നിലാവ് പൊഴിയാത്ത ഒരു രാത്രി, രാഗമേരുവിന്റെ കഴുത്തു പിൻപറ്റി കിടക്കെ മൈഥിലി ചോദിച്ചു,
"എന്താണ് നീ കണ്ണുകളടയ്ക്കാത്തതു. ?
"ഞാൻ കാത്തിരിയ്ക്കുകയാണ്.  താഴ്‌വാരത്തിനപ്പുറത്തു നിന്നും മുളച്ചു പൊന്താൻ ഒരുങ്ങി നിൽക്കുന്ന കാമുകിയെ."
മൈഥിലി പൊട്ടിച്ചിരിച്ചു.
"അവൾ പൊട്ടിമുളയ്ക്കില്ല നീ വളരുന്നതിനൊപ്പം അവളും എങ്ങോ വളരുന്നുണ്ട്. കണ്ണെത്തുന്ന  കാലത്ത് നീ അവളെയും അവൾ നിന്നെയും കാണും."
വർഷങ്ങൾക്കു ശേഷം അന്ന് രാഗമേരു ആദ്യമായ് കണ്ണടച്ചു. നിലാവുദിച്ച പകലിൽ എപ്പോഴോ മൈഥിലി രാഗമേരുവിന്റെ കഴുത്തിൽ നിന്നും കയ്യയച്ചു പുതിയ ദേശം തേടി പോയി. രാഗമേരു പർവതമായി.  നെറുകയിൽ കന്മദം നിറച്ചു വച്ചു അവൻ നിലാവിലേയ്ക്ക് വളർന്നു തുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ