വിനയ് എന്ന ഇരുപത്തിനാല്
വയസ്സുള്ള പുരുഷനാണ് ഞാന്‍.സംശയ നിവാരണത്തിനായി സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം മൂന്നു വട്ടം
പരിശോദിച്ച് ഉറപ്പു വരുത്തുകയുംചെയ്തു. പോരാത്തതിന് കഴിഞ്ഞ കുറെ മാസങ്ങളായ്,
അച്ഛന്‍ അമ്മ അടുത്ത രണ്ട് മൂന്നു സുഹൃത്തുക്കള്‍ തുടങ്ങിയവരെ വിളിച്ചു ഞാന്‍
തന്നെയാണോ എന്ന ആഴ്ചയില്‍ മൂന്നു വട്ടം എന്ന കണക്കില്‍ ഉറപ്പു വരുത്തുന്നുമുണ്ട്.
ഇതിപ്പോള്‍ഇന്ന് അനോഷ്ക എന്ന പതിനെട്ടു വയസ്സുള്ള യുവതിയുടെ മടിയില്‍ തലവെച്ചു
കിടക്കുമ്പോള്‍ പൊടുന്നനെ ജനിച്ച സംശയമാണ്.
ഇത് ഞാന്‍ താമസിക്കുന്ന
ഫ്ലാറ്റിന്‍റെ പതിമൂന്നാം നിലയിലെ ടെറസാണ്.
താഴെ അലമുറയിടുന്ന കടലും, മുകളില്‍ കാര്‍മേഘത്തിന്‍റെ നേര്‍ത്ത പാളിയും
സാക്ഷിയാണ്. ഞാനൊന്ന് തല ചരിച്ചപ്പോള്‍, അനോഷ്കയുടെ പിങ്ക് നിറമായ ഫ്രോക്ക്പിന്നോട്ട്
വലിയുകയും, തുറസ്സായ ഭാഗങ്ങള്‍ ദ്രിശ്യമാകുകകയും ചെയ്തപ്പോള്‍, ഞാനൊഴികെ
മറ്റെല്ലാവരും, അതായത് കാറ്റ്, ആകാശം, നക്ഷത്രങ്ങള്‍, ചന്ദ്രന്‍, നിലാവ്, കടലിന്‍റെ
പടിഞ്ഞാറേ അതിര്,എന്നിവ വാ പിളര്‍ത്തി നോക്കി. ഞാന്‍ അപ്പോഴും വിരലുകള്‍ക്കിടയില്‍
പതുങ്ങിയിരുന്ന സിഗരറ്റിനെ വേദനിപ്പിയ്ക്കാതെ അവസാന പുകയും വലിച്ചെടുത്ത്, എന്‍റെ
സംശയത്തെ പോഷിപ്പിയ്ക്കുകയായിരുന്നു.
അനോഷ്കയുടെ മാര്‍ദവമാര്‍ന്ന
വിരലുകള്‍ ഇപ്പോള്‍ എന്‍റെ മുടിയിഴകളിലൂടെ ഓടിനടക്കുകയാണ്. അതിനു മുന്‍പ്, അതായത്
ഇന്ന് രാവിലെ അവ ഒരു ഇംഗ്ലീഷ് പത്രം നിവര്‍ത്തി പിടിച്ചിരിയ്ക്കുകയായിരുന്നു. അവള്‍
പറഞ്ഞത് പ്രകാരമാണെങ്കില്‍ അവളുടെ കണ്ണുകള്‍ പത്രത്താളുകളിലൂടെ നെടുകെയും
കുറുകെയും സഞ്ചരിയ്ക്കുകയായിരുന്നു. ഒടുവിലായ് അവ “പെയിന്റിംഗ് എക്സിബിഷന്‍ ബൈ
സുചിത സഹച്പാല്‍” എന്ന വാചകത്തിന് മുകളില്‍ വന്ന വിശ്രമിയ്ക്കുകയും ചെയ്തു. അവള്‍
പറഞ്ഞത് പ്രകാരമാണെങ്കില്‍ അവളാദ്യം ചെയ്തത് നിവര്‍ത്തി പിടിച്ച പത്രവുമായ്
അടുക്കളയില്‍ അമ്മയുടെ അടുത്തേയ്ക്ക് പോകുക എന്നതാണ്. “മ്യൂറല്‍ പെയിന്റിംഗ്
പഠിയ്ക്കാന്‍ ശാന്തിയും ശോഭയും വരാമെന്ന്‍ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഞാന്‍ ഫ്രീയല്ല.”
അമ്മ ഒരു ദാക്ഷണ്യവും ഇല്ലാതെ പറഞ്ഞവസാനിപ്പിച്ചു. അവള്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍
അടുത്തതായ് അവള്‍ അച്ഛന്‍റെ മുന്നില്‍ പത്രം വിടര്‍ത്തി വെച്ചു. “നിനക്ക്
എക്സിബിഷന്‍ കാണാന്‍ വേണ്ടി ഞാന്‍ ലീവെടുക്കണോ?” ആദ്യമായിട്ടല്ല അച്ഛന്‍
കണ്ണുരുട്ടി കാണിയ്ക്കുന്നത്. അതുകൊണ്ട് അവള്‍ക്ക് ഭയം തോന്നിയതുമില്ല. അടുത്ത
പടിയായി അവള്‍ അലമാരയുടെ അടുക്കറകളില്‍ ദാര്ഷ്ട്യത്തോടെ കിടന്ന ലോലമായ തന്‍റെപിങ്ക് ഫ്രോക്കിലെയ്ക്ക് പ്രവേശിച്ചു.ശേഷം
കൂട്ടുകാരികളുടെ വാട്സാപ് ശേഖരങ്ങളിലേയ്ക്ക് പലവിധ സന്ദേശങ്ങള്‍ അയച്ചു. അവയിലൊന്ന്
ഇപ്രകാരം പറഞ്ഞു. “Going
for an art exhibition, all alone, Excited hehe J”
അമ്മയും അച്ഛനും മറുത്ത്
പറയും മുന്‍പ് അവള്‍ പൊയ്ക്കഴിഞ്ഞിരുന്നു എന്ന അവളുടെ തോളില്‍ പറ്റിച്ചേര്‍ന്നു
കിടന്ന സ്ലിംഗ് ബാഗ് ഓര്‍ത്തെടുത്തു.
സുചിത സഹച്പാലിന്‍റെ
എണ്ണച്ചായ ചിത്രത്തിനു മുന്നില്‍വെച്ച്അവളെ കണ്ടത് മുതലുള്ള കാര്യങ്ങള്‍ ഞാന്‍
പറയുന്ന പ്രകാരമാണ്. അനോഷ്ക കയറി വരുമ്പോള്‍ ഹാളില്‍ ഞാനും, ചുവരില്‍ തളച്ചിട്ട
നിലയില്‍ സുചിതയുടെ Consciousness painting ഉം
മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങളെല്ലാവരും ചേര്‍ന്ന്‍ അനോഷ്കയെ പ്രതീക്ഷയോടെ
നോക്കി. അവള്‍ ഓരോ ചിത്രത്തിനു മുന്നിലും വേണ്ടുവോളം നേരം കുശലാന്വേഷണം നടത്തുകയും
ചിലതിനൊപ്പം സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. എണ്ണച്ചായത്തിന്‍റെ പഴകിയ
മണം ശ്വസിച്ച് ഞാന്‍ വീണ്ടും ചിത്രങ്ങളിലേയ്ക്ക് പിന്‍വലിഞ്ഞു.
“Into the serene”എന്ന ചിത്രത്തിനു മുന്നില്‍ നിന്നുകൊണ്ട്
സ്വയം കണ്ടെത്തലിനെക്കുറിച്ച് പിറുപിറുക്കുമ്പോള്‍ അവള്‍ അരികത്തു തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
അതറിഞ്ഞുകൊണ്ട് തന്നെയാണ്conscious ആയിരിയ്ക്കുക
എന്നത് ആത്മാന്വേഷണം തന്നെയാണ് എന്ന വാചകം ഞാന്‍ പറഞ്ഞു നിര്‍ത്തിയത്.
അത്തന്നോടാണോ എന്നറിയാന്‍ വേണ്ടി അവളുടെ ഇടതുകണ്ണ്‍ മൂന്നുവട്ടം തുടിച്ചത്, അവളെ
അസ്വസ്ഥയാക്കിയതിനെ കുറിച്ച് അനോഷ്ക അല്‍പ്പം മുന്‍പ് പറഞ്ഞിരുന്നു. അവളപ്പോള്‍
പുഞ്ചിരിയ്ക്കാന്‍ ശ്രമിച്ചു എന്ന ഒറ്റക്കാരണത്താലാണ് ഞാന്‍ അവളെ കാപ്പി
കുടിയ്ക്കാന്‍ ക്ഷണിച്ചത്. എന്തിനാണ് അവള്‍ ആദ്യം മടിച്ചതും, പിന്നീട് സമ്മതിച്ചതും
എന്ന്‍ ഞാന്‍ ചോദിച്ചില്ല.
എന്‍റെയൊപ്പം
കാറിനകത്ത് ഇരിയ്ക്കുമ്പോള്‍ അവള്‍ക്കു സ്വാതന്ത്ര്യത്തിന്‍റെ ചിറകു മുളച്ചതായും
അതറിയിക്കാന്‍ കൂട്ടുകാര്‍ക്ക് വാട്സാപ്പ് സന്ദേശങ്ങള്‍ കുറിച്ചതായും അവള്‍
പറയുകയുണ്ടായി.
വിനയ്,
ഇരുപത്തിനാല് വയസ്സ്, പുരുഷന്‍. ഞാന്‍ എന്നെ അവള്‍ക്കു പരിചയപ്പെടുത്തിയതിനു,
നങ്കൂരമിട്ടു കടലില്‍ പൊങ്ങി കിടന്ന കപ്പലുകള്‍ സാക്ഷികളാണ്. കടല്‍ക്കാറ്റിന്
അഭുമുഖമായ് മദിച്ചു നിന്ന ഒരു കോഫി ഷോപ്പിലായിരുന്നു ഞങ്ങളപ്പോള്‍. ഞാന്‍ പറയുന്നത്
ശരിയാണെങ്കില്‍ അന്ന് കണ്ട ചിത്രങ്ങളെക്കുറിച്ചായിരുന്നു ഞങ്ങള്‍ പറഞ്ഞു
തുടങ്ങിയത്.
ഞാന്‍
ചിത്രരചനയിലെ fakeകളെ കുറിച്ച്
പറഞ്ഞപ്പോള്‍,faking ആണ്creation എന്ന് അവള്‍പറഞ്ഞു വെച്ചു. ഞാന്‍
ആത്മാര്‍ത്ഥയില്ലായ്മയെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍practicality യെ കുറിച്ച് പറഞ്ഞു. ഞങ്ങളുടെഇരുവരുടേയും
ഇടയിലൂടെ cappucino നിറച്ച കപ്പുകള്‍ വന്നും പോയുമിരുന്നു. ഏറ്റവും ഒടുവിലായ് അവള്‍
അവളുടെ കഴിഞ്ഞു പോയ പതിനെട്ടാം പിറന്നാളിനെ കുറിച്ചും, അതിനു ശേഷം കൈവന്ന സ്വാതന്ത്ര്യത്തെ
കുറിച്ചും, സ്വാതന്ത്ര്യം ആഘോഷിയ്ക്കുന്നതിനെ കുറിച്ചും, ആഘോഷം അനുഭവമാക്കുന്നതിനെ
കുറിച്ചും, അനുഭവം ആത്മാന്വേഷണം ആണെന്നും പറഞ്ഞു തീര്‍ത്തു. അത് കേട്ടിട്ട്
തന്നെയാണ് കാപ്പി പതഞ്ഞു നിന്ന ചുണ്ടുകളില്‍ നോക്കി ഞാനവളെ എന്‍റെ
ഫ്ലാറ്റിലേയ്ക്കു ക്ഷണിച്ചത്. ഞാന്‍ പറയുന്നത് ശരിയാണെങ്കില്‍ മൂന്നു വട്ടം
ആലോചിച്ച ശേഷമാണ്, എന്‍റെ കണ്ണുകളില്‍ നോട്ടം പതിപ്പിച്ച് അവളെന്‍റെ ക്ഷണം
സ്വീകരിച്ചത്. അതിലൊന്ന്, ശരിതെറ്റുകളെ കുറിച്ചുള്ള സംസാരം ആവര്‍ത്തന വിരസമായതിനെപറ്റിയാണെന്ന്
അവളിപ്പോളാണ് പറഞ്ഞു നിര്‍ത്തിയത്.ഞാന്‍ പറയുന്ന ശരിയാണെങ്കില്‍, ചീനവലകള്‍
ഉയരുന്നത് കാണാന്‍ ഇഷ്ടമാണെന്ന്പറഞ്ഞത് സത്യമായിരുന്നോ എന്ന്‍ കാറില്‍ കയറുന്നതിനു
മുന്‍പ് ഞാന്‍ ചോദിയ്ക്കുകയുണ്ടായി. അതൊരു വിലകൂടിയ കള്ളമായിരുന്നു എന്ന്
സമ്മതിച്ച ശേഷമാണ് അവള്‍ എന്‍റെയൊപ്പം കാറില്‍ കയറിയത്. പക്ഷെ ചില ഉയര്‍ച്ച
താഴ്ചകള്‍ പ്രതീക്ഷിച്ചു തന്നെയാണ് താന്‍ വന്നിരിയ്ക്കുന്നതെന്ന്, ലിഫ്റ്റിനകത്ത്
മുട്ടി ഉരുമ്മി നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞതായ് ഓര്‍ക്കുന്നു. അപ്പോഴും അവള്‍
കൂട്ടുകാരികള്‍ക്ക് വാട്സാപ് സന്ദേശങ്ങള്‍ കൈമാറുന്നത്, എന്‍റെ ഉയരക്കൂടുതലിന്‍റെ
ഔദാര്യത്തില്‍ ഞാന്‍ കണ്ടു.
പതിമൂന്നാം
നിലയിലെ എന്‍റെ ഫ്ലാറ്റില്‍ എത്തിച്ചേര്‍ന്നത്
മുതലുള്ള രംഗങ്ങള്‍, എനിയ്ക്ക്മനസിലാകുന്ന തരത്തില്‍ കല്‍പ്പന ചെയ്തതാണ്. ഓഫ്
വൈറ്റ് പ്രകാശം പൊഴിയുന്ന എന്‍റെ കിടപ്പുമുറിയില്‍ അവള്‍ അനുഭവങ്ങളുടെ സ്വാതന്ത്യം
ആഘോഷിയ്ക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു എന്‍റെ സംശയത്തിനു പ്രാണന്‍ വെച്ചത്.അവളെ
എന്‍റെ കിടപ്പുമുറിയിലെയ്ക്ക് ക്ഷണിയ്ക്കാനായ് എന്‍റെ മസ്തിഷ്കം ഗഹനമായ്
ആലോചനകളില്‍ കുരുങ്ങി കിടന്നതിനെ കുറിച്ച് എനിയ്ക്ക് അവളോട് പറയണം എന്ന്
തോന്നിയിരുന്നു. എന്‍റെ സംശയ നിവാരണത്തിന്‍റെ പോംവഴി ആകുവാന്‍ പറ്റുമോ നിനക്കെന്ന്‍
ചോദിയ്ക്കണം എന്നുണ്ടായിരുന്നു.
വിനയ്,
ഇരുപത്തിനാല് വയസ്സ്, പുരുഷന്‍, എന്ന അപൂര്‍ണ്ണനായ വ്യക്തിത്വമാണ് ഞാന്‍ എന്ന്‍
എന്‍റെ മസ്തിഷ്കം എന്നെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തി. അവളുടെ കവിളെല്ലുകള്‍
എന്‍റെ താടിരോമങ്ങളില്‍ തട്ടി ഇക്കിളിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, അക്ഷാംശവും രേഖാംശവും കെട്ടുപിണഞ്ഞു കിടന്ന
ബോധമണ്ഡലത്തിലായിരുന്നു ഞാന്‍ എന്ന്‍ ബോധ്യപ്പെടുത്താനാവാതെ ഞാന്‍ അവളില്‍ നിന്നും
ഓടി മറഞ്ഞു.
എന്തുകൊണ്ടാണ് എനിയ്ക്ക്
കൂട്ടുകാരില്ലാത്തതെന്നും, എന്തുകൊണ്ട് ഞാന്‍ അകന്നു ജീവിക്കുന്നുവെന്നും അവള്‍
ചോദിച്ചു.Orientation
നെ കുറിച്ച് ധാരണയില്ലാതെ
ജനിച്ച മസ്തിഷ്ക്കവുമായാണ് ഞാന്‍ വളര്‍ന്നു വന്നത് എന്ന് ഞാന്‍ പറഞ്ഞു തീര്‍ത്തു.കടലിനു
മുകളില്‍ ആ നേരം സന്ധ്യ നീലിച്ചു കിടക്കുകയായിരുന്നു.
പൌരുഷവും
സ്ത്രീത്വവും വൃണപ്പെട്ട് എനിക്ക് തന്നെ ഞാന്‍ ഒരു അപരിചിതനായി തോന്നി..അവള്‍
എന്നെ അവളുടെമടിയില്‍ കിടത്തി. പതിമൂന്നാം നിലയിലെ ടെറസ്സില്‍ ഞാന്‍ ഇന്ന് സ്വത്വം ഇല്ലാത്തവനായി. ആനന്ദം എന്‍റെ സിരാ രേഖകളില്‍
അനുസ്യുതം പ്രവഹിച്ചു. ആവേശത്തോടെ ഞാന്‍ ആ വാക്കുകള്‍ വീണ്ടും ഉരുവിടാന്‍ തുടങ്ങി,
വിനയ്, ഇരുപത്തിനാലു വയസ്സ്, പുരുഷന്‍ അഥവാ സ്ത്രീ.
സ്വത്വം എന്ന ചോദ്യം എഴുത്തിനു ഒരു പ്രേരണയാണല്ലേ ....
മറുപടിഇല്ലാതാക്കൂath maathramaanu prerana
മറുപടിഇല്ലാതാക്കൂ