2015, മേയ് 8, വെള്ളിയാഴ്‌ച

ഒരു കോളാമ്പി മൈക്കിന്‍റെ ആത്മഗദങ്ങള്‍

a


ആര് ശിവന്‍കുട്ടിയോ? അവന്‍റെ കാര്യമായതുകൊണ്ട് ഒന്നും പറയാനൊക്കത്തില്ല. ഇക്കരെ മുങ്ങിയാ അക്കരെ പൊങ്ങുന്ന സൈസാ!” തേക്കില വട്ടത്തിലുള്ള വെറ്റില വായില്‍ തിരുകിക്കൊണ്ട്മാത്തുക്കൊച്ചേട്ടന്‍ കൈ മലര്‍ത്തി കാണിച്ചു. ഗ്രാമത്തിലെ ഏക കോളാമ്പി മൈക്ക് ഓപ്പറേറ്ററായ ശിവന്‍കുട്ടിയെ അന്വേഷിച്ചെത്തിയതാണ് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍. “അല്ല നേതാവേ എന്നതാ കാര്യം ശിവന്‍കുട്ടിയെ പാര്‍ട്ടീലെടുത്തോ?” കടയ്ക്കുള്ളില്‍ നിന്നും വന്ന അശരീരി കേട്ട നേതാക്കള്‍ രണ്ടും കക്ഷത്ത് തിരുകിയ ബാഗ് കയ്യിലേയ്ക്ക് മാറ്റിപ്പിടിച്ചുകൊണ്ട് കടയ്ക്കുള്ളിലേയ്ക്ക് നുഴഞ്ഞു കയറി. “ശിവന്‍കുട്ടിയെ പാര്‍ട്ടീലെടുത്തില്ല, അങ്ങേരുടെ കോളാമ്പി മൈക്ക് ഞങ്ങള്‍ പാര്‍ട്ടീലെടുത്തു!” നേതാക്കള്‍ രണ്ടും മര ബെഞ്ചിലേയ്ക്ക് ചേര്‍ന്നിരുന്നു. “കോളാമ്പി മൈക്കിനു പാര്‍ട്ടിയോ? അതിന് നിങ്ങള് തന്നെയല്ലേ ഒച്ച കൂടുതലാന്നും പറഞ്ഞ് പണ്ടത് നിരോദിച്ചു കളഞ്ഞത്.” പത്രം വായിച്ചു കൊണ്ടിരുന്ന വിജയന്‍ കൊച്ചേട്ടന്‍ പത്രവും കണ്ണടയും ഒരുമിച്ചു താഴ്ത്തി തന്‍റെ സംശയം പ്രകടിപ്പിച്ചു. “എന്നാ കേട്ടോ, ഡെമോക്രാറ്റ് പാര്‍ട്ടി പിളര്‍ന്നു. ഫെഡറല്‍ ഡെമോക്രാറ്റും റിപ്പബ്ലിക്കനുമായി. ഞങ്ങള്‍ റിപ്പബ്ലിക്കമ്മാരുടെ പാര്‍ട്ടി ചിഹ്നമാ ഇനി മുതല്‍ കോളാമ്പി മൈക്ക്.” “ഇന്നാട്ടിലാണേല്‍ ശിവന്‍കുട്ടി ചേട്ടന്‍റെ അടുത്തല്ലാതെ കോളാമ്പി മൈക്ക് എവടെ കിട്ടാനാ?” “.മൈക്ക് കെട്ടിയ കൊടിമരോം പാര്‍ട്ടി ആഫീസും റെഡിയാക്കാന്‍ പറഞ്ഞാ ചെയ്യാതിരിയ്ക്കാന്‍ പറ്റുവോ?” മേശപ്പുറത്ത് വച്ച ചായയില്‍ കിടന്ന ഉറുമ്പിനെ എടുത്തു മാറ്റിക്കൊണ്ട് തല മൂത്ത റിപ്പബ്ലിക്കന്‍ പ്രസ്താവിച്ചു. “അത് നേരാ പ്രവര്‍ത്തനമൊന്നും നടന്നില്ലേലും ആഫീസും കൊടിമരോം വേണം”. മാത്തുകൊച്ചേട്ടന്‍ മുറുക്കാന്‍ നീട്ടിത്തുപ്പി. “എന്നതായാലും ശിവന്‍ കുട്ടിയെ കാണണേല്‍ നേരെ വീട്ടിലോട്ടു ചെന്ന മതി. അല്ലെ വല്ല തെങ്ങേലോ പ്ലാവേലോ കാണും. അവന്‍ വല്യ തെരക്കുള്ള ആളല്ലേ!” നേതാക്കള് രണ്ടും പരസ്പ്പരം നോക്കി.
നീണ്ടുയ മെലിഞ്ഞ കൈകളുള്ള ശിവന്‍ കുട്ടിയുടെ ശരീര ഘടന ദൈവം അറിഞ്ഞു നല്‍കിയതാണെന്നു വിശ്വസിയ്ക്കാനേ  തരമുള്ളൂ. അല്ലെങ്കില്‍ ഒരുപക്ഷെ കാലാകാലങ്ങലായ് വലിയ വട്ടമുള്ള, കോളാമ്പി മൈക്ക് ചുറ്റിപ്പിടിച്ചു മരങ്ങളിലും പോസ്റ്റുകളിലും ഏന്തി വലിഞ്ഞു കയറി രൂപാന്തരപ്പെട്ടതാകാം. പള്ളിപ്പെരുന്നാളിനും ഉത്സവത്തിനും മൈക്ക് സെറ്റും തൂക്കിപ്പിടിച്ചു നടന്ന ഒരു കാലമുണ്ടാരുന്നു ശിവന്‍കുട്ടിയ്ക്ക്. പിന്നീട് ഡെസിബെല്‍ കൂട്ടിക്കിഴിച്ചു കണക്കെടുത്തപ്പോള്‍ കോളാമ്പി മൈക്കിനു ഒച്ച കൂടുതലാണെന്ന് കണ്ടെത്തുകയും, നാടെങ്ങുമുള്ള കോളാമ്പി മൈക്കുകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്തു. അങ്ങനെ ശിവന്‍ കുട്ടിയ്ക്ക് പണിയില്ലാതായെന്നു കരുതിയെങ്കില്‍ തെറ്റി. മരങ്ങളിലും പോസ്റ്റുകളിലും കയറിയ പരിചയം വെച്ച് മാവില്‍ കയറാനും ചക്കയിടാനും, കല്യാണസെറ്റിനു ലൈന്‍ വലിയ്ക്കാനും ഫ്യൂസൂരാനുമായ് ശിവന്‍ കുട്ടിയ്ക്ക് വീണ്ടും തിരക്കായി.
ഇളയ മകളുടെ പ്രസവത്തിനു വെറും കയ്യോടെ പോയതിന്‍റെ പേരും പറഞ്ഞ് ഭാര്യയുമായ് തര്‍ക്കിയ്ക്കുന്ന നേരത്താണ് റിപ്പബ്ലിക്കന്മ്ര്‍ ശിവന്‍ കുട്ടിയെ കാണാന്‍ വന്നത്. “അവടെ ഇഷ്ട്ടം നോക്കീട്ട് തന്നല്ലേ കെട്ടിച്ചു വിട്ടത്. ഇനി പേറും വളത്തലുമെല്ലാം അവടെ കാര്യമാ..ഞാനൊരു ചില്ലിക്കാശു കൊടുക്കാന്‍ പോണില്ല.സ്കൂളീ പഠിക്കുമ്പോ പാട്ടിനും ഡാന്‍സിനും ചേരണന്നും പറഞ്ഞ് രൂപ പതിനായിരവാ ഞാന്‍ മോടക്കീത്.” ശിവന്‍കുട്ടി നീറു പോലെ നിന്നു. “ഹോ എന്‍റെ കടപ്പാട്ടൂരപ്പാ ഒള്ള കള്ളെല്ലാം കുടിച്ചിട്ടീ മനുഷ്യനിപ്പോ ഒരു ബോധോം പൊക്കാണോമില്ലാണ്ടായോ?” ഭാര്യ ചീറി. “ഞാന്‍ കുടിയ്ക്കുന്നുണ്ടെലെ അത് സര്‍ക്കാരിന് കാശെണ്ണി കൊടുത്തിട്ടാ..ജനസേവനം ചെയ്യാനുള്ള മനസു വേണം...അത് വല്ലോം നിനക്കറിയുവോ?” “എന്നാലെ കണക്കായിപ്പോയി!!!” ഉത്തരം മുട്ടിപ്പോയ ഭാര്യ കൈ രണ്ടും കൂട്ടിയടിച്ചുഠപ്പേഎന്ന്‍ ശബ്ദമുണ്ടാക്കി അകത്തേയ്ക്ക് കയറിപ്പോയി.
ശിവന്‍ കുട്ടി ചേട്ടനല്ലേ? ഭാര്യ പോയ തക്കം നോക്കി റിപ്പബ്ലിക്കന്മാര്‍ ഇരുവരും ഒരേ സ്വരത്തില്‍ ചോദിച്ചു  അഭിസംഭോധന കേട്ട് ശിവന്‍ കുട്ടി ഒന്ന് പരുങ്ങി. ഞങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടീടെ സ്ഥാപക മെമ്പറുമ്മാരാ. ഞങ്ങക്ക് ചേട്ടന്റെയൊരു സഹായം വേണം. സംഗതി ജനസേവനമാ..?? 
തുടര്‍ന്ന് ഡെമോക്രാറ്റ് പാര്‍ട്ടി പിളര്‍ന്നതും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപപ്പെട്ടതും, പാര്‍ട്ടി ചിഹ്ന്നമായ് കോളാമ്പി മൈക്ക് തിരഞ്ഞെടുത്തതും, പാര്‍ട്ടി വളര്‍ത്തുന്നതിന്റെ ഭാഗമായ് കവലയില്‍ സ്ഥാപിയ്ക്കാന്‍ പോകുന്ന കൊടിമരത്തില്‍ ഒരു മൈക്ക് സെറ്റ് വെയ്ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും എന്നുവേണ്ട  പുതിയതായ് പണിയാന്‍ പോകുന്ന വായനശാലയുടെ ബോര്‍ഡിനു താഴെ ശിവന്‍ കുട്ടിയുടെ പീരിന്റെ ആദ്യത്തെ മൂന്ന് അക്ഷരങ്ങളായ K S K (കോണേപ്പുര വീട്ടില്‍ ശിവന്‍ കുട്ടി ) എന്ന്‍ എഴുതി ചേര്‍ക്കുന്നതിനെ കുറിച്ചും അവര്‍ വാ തോരാതെ പ്രസംഗിച്ചു. അപ്പോഴോക്കെയും വൈകുന്നേരത്തെ പള്ളിപ്പെരുന്നളിനു എത്തിച്ചു കൊടുക്കാമെന്നു വാക്ക് കൊടുത്ത രണ്ടര വോള്‍ട്ടിന്റെ 25 ബള്‍ബ്കളെ കുറിച്ചായിരുന്നു ശിവങ്കുട്ടിയുടെ ചിന്ത. ഒറ്റ കാര്യമറിഞ്ഞാ മതി രണ്ടര വാട്ടിന്റെ ഒരു ബള്‍ബിനു പന്ത്രണ്ടു രൂപ വെച്ച് കൂട്ടിയാ  ഇരുപത്തഞ്ചു ബള്‍ബിന് എത്രയാകും. ശിവന്‍ കുട്ടിയുടെ ചോദ്യം കേട്ട് റിപ്പബ്ലിക്കന്മാര്‍ കുഴങ്ങി. ഒരുവന്‍ മൊബൈലെടുത്ത് നോക്കാന്‍ ഒരുങ്ങിയപ്പോഴേക്കും ശിവന്‍ കുട്ടി തന്നെ ഉത്തരം പറഞ്ഞു. മുന്നൂറ്റമ്പത് രൂപ. നേതാക്കളുടെ മുഖത്ത് ആശ്വാസം. അങ്ങനാണേല്‍ നിങ്ങളൊരു അഞ്ഞൂറ് രൂപ ഇങ്ങു തന്നേരെ മൈക്ക് ഞാന്‍ നാളെത്തന്നെ ശരിപ്പെടുത്തി വെച്ചേക്കാം. ഇളയ റിപ്പബ്ലിക്കന്‍ ഒരു അഞ്ഞൂറിന്റെ താളെടുത്ത്നീട്ടി. നാളെത്തന്നെ ശരിയാകുമല്ലോ അല്ലെ ചേട്ടാ...ചേട്ടന്‍റെ വാക്കിന്‍റെ ബലത്തിലാ.മുതിര്‍ന്ന റിപ്പബ്ലിക്കന്‍ തന്‍റെ സംശയം പ്രകടിപ്പിച്ചു. ശിവന്‍ കുട്ടി റിപ്പബ്ലിക്കന്മാരോട് ലപ്പം ചേര്‍ന്നിരുന്നു. അതെ നമ്മലൊരുഅതാമരയാ!!! എന്ന് വെച്ച ഏതു നേരോം വെള്ളത്തിലാന്നു..ദേ ഇപ്പഴും അടിച്ചിട്ടുണ്ട്. പറഞ്ഞത് ഉറപ്പിയ്ക്കാനായി ശിവന്‍കുട്ടി അവരെ ഊതിക്കാണിച്ചു. എന്നും വെച്ച് നിങ്ങളെനിയ്ക്ക് കള്ള് വാങ്ങിത്തരണന്നല്ല പറഞ്ഞു വന്നത്. പറയാനുള്ളത് ഞാന്‍ ആരുടേം മുഖത്ത് നോക്കി പറയും. അതിപ്പോ പോലീസായാലും പഞ്ചായത്ത് പ്രസിഡന്റ്ആയാലും. ഞാന്‍ പറഞ്ഞത് മനസിലായോ? എതാ? ശിവന്‍ കുട്ടി പറഞ്ഞതിന്റെ പൊരുള്‍ മനസിലായ നേതാക്കള്‍ തല കുലുക്കി കാണിച്ചു. ഇവിടെ തട്ടുമ്പൊറത്ത് ചുമ്മാ കെടക്കുന്ന മൊതലല്ലേ നിങ്ങള് പോയേച്ചു വാ. ശിവന്‍കുട്ടി ഉറപ്പിച്ചു പറഞ്ഞു. റിപ്പബ്ലിക്കന്മാര്‍ ആശ്വസിച്ചു.
അന്നു വൈകിട്ട് തന്നെ ശിവന്‍കുട്ടി തട്ടിന്‍പുറത്ത് വലിഞ്ഞു കയറി പോടീ പിടിച്ചു കിടന്ന മൈക്ക് സെറ്റ് തപ്പിയെടുത്തു. അവിടവിടെ തുരുമ്പിച്ചതൊഴിച്ചാല്‍ മുപ്പത് വര്‍ഷത്തെ കഠിനാധ്വാനം അതിനു സാരമായ കേടുപാടുകള്‍ ഒന്നും വരുത്തിയിരുന്നില്ല
വീടിന്‍റെ പിന്നാമ്പുറത്തിരുന്ന്‍ കോളാമ്പി സെറ്റ് എണ്ണയിട്ടു തുടയ്ക്കുകയായിരുന്നു ശിവന്‍കുട്ടി. “നിങ്ങളിതെന്ന പിന്നേം പള്ളിപ്പെരുന്നാളിനു പോകുവാണോ?
പറമ്പില്‍ പുതിയതി വിളഞ്ഞ ഞാലിപ്പൂവന്‍റെ കൊലയും വെട്ടിക്കൊണ്ടു വന്ന ഭാര്യ ചോദിച്ചു. ചോദ്യമത്ര സുഖിച്ചില്ലെങ്കിലും മഞ്ഞ പുതച്ച വാഴക്കുല കണ്ടപ്പോ ശിവന്‍കുട്ടിയുടെ കണ്ണ് മഞ്ഞളിച്ചു. “ ഇതങ്ങു വെളഞ്ഞു പാകമായല്ലോ? നീ രണ്ടു കായിങ്ങിരിഞ്ഞു തന്നെ? മൈക്ക് മാറ്റി വെച്ചുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു. “അയ്യട! അതങ്ങ് മനസി വെച്ചോണ്ട മതി. ഇതേ ഞാനെന്‍റെ മകക്ക് കൊടുക്കാന്‍ വെച്ചതാ. പ്രസവത്തിനോ അവക്കൊന്നും കൊടുത്തില്ല. ഭാര്യ ചൊടിച്ചു. നീയീ വയസ്സ് കാലത്ത് കെട്ടിയവനെ കാണിയ്ക്കാതെ പിള്ളേരെ തീറ്റിച്ചട്ട് എന്നാ കിട്ടാനാ? അവസാന കാലത്ത് എനിയ്ക്ക് നീയും നിനക്ക് ഞാനും മാത്രേ കാണു. ഓര്‍ത്തോ! ശിവന്‍കുട്ടിയുടെ തത്ത്വശാസ്ത്രം കേട്ട് പതിവ് പോലെ ഭാര്യ കൈ രണ്ടും കൂട്ടി അടിച്ചുകൊണ്ട് പറഞ്ഞുഎന്നാലെ കണക്കായിപ്പോയി! ഇത്തവണ വാഴക്കുല നിലത്തു വെച്ചിട്ടാണെന്നു മാത്രം.
അപ്പൊ കാര്യങ്ങളെല്ലാം പറഞ്ഞത് പോലെ! അടുത്ത ശനിയാഴ്ചയാണ് മൈക്ക് കൊടിമരത്തില്‍ കേറ്റുന്ന ചടങ്ങ്. കുടുംബ സമേതം ചേട്ടന്‍ നേരത്തെയങ്ങു പോന്നേക്കണം. സംസ്ഥാന നേതാവ് വരുന്ന ചടങ്ങാ..ശിവന്‍കുട്ടിയുടെ അടുത്ത് നിന്നും മൈക്ക് ഏറ്റു വാങ്ങിക്കൊണ്ടു റിപ്പബ്ലിക്കന്‍ പറഞ്ഞു. നമ്മടെ കാര്യമായകൊണ്ട് ഒന്നും പറയാനോക്കതില്ല വേറെ പണി വല്ലോം വന്ന ഞാന്‍ എന്‍റെ പാട് നോക്കി പോകും. ശിവന്‍ കുട്ടി കൈ മലര്‍ത്തി.
അങ്ങനെ കൊടിമരം ഉദ്ഘാടനത്തിന്റെ ദിവസം സമാഗമമായി. പണി ഇല്ലാത്തത് കൊണ്ടോ എന്തോ പറഞ്ഞതിന് വിപരീതമായി ശിവന്‍കുട്ടിയും ഭാര്യയും കൃത്യ സമയത്ത് തന്നെ എത്തി. സംസ്ഥാന നേതാവാ ഉദ്ഘാടന പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: “ശിവന്‍കുട്ടിയുടെ കോളാമ്പി മൈക്ക് ഇനി ചരിത്രത്തിന്‍റെ ഭാഗമാകാന്‍ പോകുകയാണ്.പാര്‍ട്ടി ചിഹ്നത്തിനു വേണ്ടി തന്‍റെ പൈതൃക സമ്പത്തായ കോളാമ്പി മൈക്ക് സംഭാവന ചെയ്ത ശിവന്‍കുട്ടിയുടെ പേര് ഇനി രജത ലിപികളില്‍ എഴുതപ്പെടും.” പ്രസംഗം കേട്ട് ശിവന്‍കുട്ടി കോരിത്തരിച്ചു. കണ്ടോടി, ഒരിക്കെ നിന്റെ കാല്‍ ഇത്തെലെങ്ങാണ്ട് തട്ടി നീര് വന്നൂന്നും പറഞ്ഞാ ഞാനിതെടുത്ത് തട്ടുമ്പൊറത്തിട്ട്ത്. ഇപ്പ കണ്ടോ നീയവന്റെ പവര്. ഒറ്റ ചാട്ടത്തിനല്ലേ തട്ടുമ്പൊറത്തൂന്ന്‍ കൊടിമാരത്തെലെത്തിയത്. ഭാര്യയ്ക്ക് വീണ്ടും ഉത്തരം മുട്ടി. അവരെന്തെങ്കിലും പറയുന്നതിന് മുന്‍പ് ശിവന്‍കുട്ടി മുഖം തിരിച്ചു കളഞ്ഞു. തുടര്‍ന്ന് ശിവന്‍കുട്ടിയ്ക്ക് പാര്‍ട്ടിയില്‍ ആജീവനാന്ത സൌജന്യ മെമ്പര്‍ഷിപ്പും, അതുറപ്പിയ്ക്കാന്‍ ലഡ്ഡു വിതരണത്തില്‍ ഒരു എക്സ്ട്രാ ലഡ്ഡുവും കിട്ടി. ആളുകള്‍ തന്നെ അസൂയയോടെ നോക്കുന്നത് കണ്ട് ശിവന്‍കുട്ടി ഒന്നുകൂടി നിവര്‍ന്നു നിന്നു. ശിവന്‍കുട്ടിയുടെ വിജയം ആഘോഷിയ്ക്കാനവാം കൊടിമരത്തിനു മുകളിലെ നിറമില്ലാക്കൊടി ആവേശത്തോടെ പാറിപ്പറന്നു.
പിറ്റേന്ന് മുതല്‍ ശിവന്‍കുട്ടി മുറതെറ്റാതെ കവലയില്‍ വന്നു തുടങ്ങി. അയാള്‍ ഒരു നിമിഷം തന്‍റെ മൈക്ക് സെറ്റിലേയ്ക്ക് ആരാധനയോടെ ഉറ്റു നോക്കും. ശേഷം ഒരു സല്യുട്ടും കൊടുത്തിട്ടേ ശിവന്‍കുട്ടിയ്ക്ക് വേറെ പണിയുള്ളു.കാരണം ശിവന്‍കുട്ടി ഇപ്പൊ പാര്‍ട്ടിയുടെ ആജീവനാന്ത മെമ്പര്‍ കൂടിയാണ്. അതായത് ഒരു തികഞ്ഞ പൊതു പ്രവര്‍ത്തകന്‍.
ഒച്ച കൂടുതലാന്നും പറഞ്ഞ് നിരോധിച്ചു കളഞ്ഞ സാധനമാരുന്നു. ഇപ്പ അതിന്‍റെ വെല കണ്ടില്ലേ? കടയ്ക്കുള്ളില്‍ ഇരുന്ന ആരോ പറയുന്നത് കേട്ട് ശിവന്‍കുട്ടി കടയ്ക്കുള്ളിലേയ്ക്ക് നൂണ്ട് കയറി. എനിയ്ക്ക് കൊടുക്കാന്‍ തീരെ മനസില്ലായിരുന്നു. പിന്നൊരു പൊതു കാര്യമല്ലേ. ശിവന്‍കുട്ടി ബെഞ്ചില്‍ അമര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു. ഇനിയിപ്പോ വായനശാല തുടങ്ങുമ്പോ ശിവന്‍കുട്ടിയാരിക്കും സര്‍വ്വാധികാരി. എങ്ങു നിന്നോ ഒരു അശരീരി കേട്ടു. അത് പിന്നെ അവര് വാക്ക് തന്നതല്ലേ? ശിവന്‍കുട്ടി ബെഞ്ചില്‍ ഒന്ന് നിവര്‍ന്നിരുന്നു ചുറ്റുമുള്ളവരെ ഒന്നുഴിഞ്ഞു നോക്കി. മാത്തുക്കൊച്ചേട്ടന് ശിവങ്കുട്ടിയുടെ നോട്ടം അത്ര സുഖിച്ചില്ല. പൊതുമുതലെന്നു പറഞ്ഞ എന്നാ വിജയന്‍ കൊച്ചേട്ടാ? വെറ്റിലയില്‍ ചുണ്ണാമ്പ് തെയ്ക്കുന്നതിനിടയില്‍ മാത്ത്ക്കൊച്ചേട്ടന്‍ ഒരു ചൂണ്ട എറിഞ്ഞു. പൊതുമുതല്‍ എന്ന് വെച്ചാ പൊതുവായ സ്വത്ത് സര്‍ക്കാരിന്  കരമടയ്ക്കുന്ന എല്ലാവര്ക്കും അതില്‍ അവകാശമുണ്ട്    പത്രതാളില്‍ മയങ്ങി കിടന്ന വിജയന്‍ കൊച്ചേട്ടന്‍ താഴ്ത്തിക്കൊണ്ട് പറഞ്ഞു. എന്നിട്ടിവിടെ ചെലര് ദെവസോം കാലത്ത്   കൊടീടെ മുന്നി ചെന്ന് മൈക്കിനു സലാം വെയ്ക്കുന്നുണ്ട്. എന്തിനാണോ എന്തോ? മാത്ത്കൊച്ചേട്ടന്‍ മുറുക്കാന്‍ നീട്ടി തുപ്പിക്കൊണ്ട് പറഞ്ഞു. കടയ്ക്കുള്ളിലിരുന്നു ഒരു കൂട്ടച്ചിരി ഉയര്‍ന്നു. വെയ്ക്കുമെട ഇനീം സലാം വെയ്ക്കും. ഞാന്‍ ദാനം കൊടുത്ത മൊതലാ എനിയ്ക്ക് തോന്നിയതു ചെയ്യും. ചായ ഗ്ലാസ്മേശ മേല്‍ ആഞ്ഞടിച്ചുകൊണ്ട്പൊട്ടിച്ചിരികല്‍ക്കിടയിലൂടെ ശിവന്‍കുട്ടി നടന്നകന്നു.
പിറ്റേന്ന് കാലത്ത് ഏതോ സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്ന ശിവന്‍കുട്ടി ഭാര്യയെ കുലുക്കി വിളിച്ചു. “എടി എഴുന്നെരെടി ഞാനൊരു സൊപ്നം കണ്ടേച്ചിരിയ്ക്കുവാ? അതിനിപ്പോ ഞാനെന്നാ വേണം ഭാര്യ ഉറക്കച്ചടവോടെ ചോദിച്ചു. ഞാനെന്‍റെ തന്തയെയാ സൊപ്നത്തി കണ്ടത്. ഇതെന്ന പതിവില്ലാത്തൊരു സൊപ്നം കാണല്? മുടിവാരിക്കെട്ടിക്കൊണ്ടു ഭാര്യ ചോദിച്ചു. കാര്‍ന്നോരു ചോദിക്കുവാ നീയെന്നാത്തിനാ കോളാമ്പിയെടുത്ത് നാട്ടുകര്‍ക്ക് കൊടുത്തേന്ന്‍? അതിപ്പോ നിന്റെ കൈവിട്ടു പോയില്ലേന്നു. മുണ്ട് തപ്പുന്നതിനിടയില്‍ ശിവന്‍കുട്ടി ചിന്താമഗ്നനായി. നിങ്ങളല്ലേ ജനസേവനമാന്നും പറഞ്ഞ് അതെടുത്ത് കൊടുത്തത്. പിന്നെ ഇപ്പൊ ഇതെന്നാ പറ്റി. ഭാര്യ സംശയിച്ചു. എന്നാലും അത് കയ്യീന്ന് പോയപ്പൊ ഒരു വെഷമം.ശിവന്‍കുട്ടി വികാരാധീനനായി. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മൊതല് ഇവിടിരുന്നിട്ടിപ്പോ എന്നാ ചെയ്യാനാ ഭാര്യ അലസമായ് പറഞ്ഞു. അതൊന്നും നിനക്ക് മനസിലാവില്ല. പത്ത് മുപ്പതുകൊല്ലം നിന്നേം നിന്‍റെ പിള്ളേരേം തീറ്റി വളത്തിയ വസ്തതുവാരുന്നു. രണ്ടു പെങ്കൊച്ചുങ്ങളേം കെട്ടിച്ചുവിട്ടു. ശിവന്‍കുട്ടിയുടെ ദൈന്യത കണ്ട് ഭാര്യയ്ക്ക് കലി വന്നു. എന്നാലെ കണക്കായിപ്പോയി. ഇത്തവണ കയ്യടിച്ചു കാണിയ്ക്കും മുന്‍പ് തന്നെ ശിവന്‍കുട്ടി ഭാര്യയെ ഒറ്റ ചവിട്ടിനു കട്ടിലില്‍ നിന്നും താഴെയിട്ടു. നടുവൊടിഞ്ഞ ഭാര്യ   അന്നു തന്നെ അയാളോട് പിണങ്ങി മകളുടെ വീട്ടില്‍ പോയി.
 പതിവ് പോലെ മൈക്ക്സെറ്റിനു സലാം വെയ്ക്കാന്‍ കവലയില്‍ എത്തിയതാണ് ശിവന്‍കുട്ടി.കൊടിമരത്തിനു നേരെ ചാരിവെച്ച ഏണിയിലേയ്ക്കു വലിഞ്ഞു കയറുന്ന ഇളയ  കണ്ട് ശിവന്‍കുട്ടി വെപ്രാളത്തോടെ ഓടിയടുത്തു. എന്നാ എന്നാ കാര്യം. താഴെ നിന്നു ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന മൂത്ത റിപ്പബ്ലിക്കന്‍ ഒരു മിനിറ്റ് എന്ന്‍ ആംഗ്യം കാണിച്ചത് കണ്ട് ശിവന്‍കുട്ടിയ്ക്ക് ആധി കയറി. എന്നാ കാര്യമെന്ന് ആരെലുമോന്നു പറ ഒന്നുമല്ലേലും ഞാന്‍ നിങ്ങടെ പാര്‍ട്ടീടെ മെമ്പറല്ലെ? അത് പിന്നെ ചേട്ടാ ഞങ്ങളീ മൈക്ക് സെറ്റ് ഇവിടന്നങ്ങു ഊരിയെടുക്കുവാ അപ്പുറത്തെ കവലേല്‍ ഒരു കൊടിമരം നാട്ടാനുണ്ട്. പാര്‍ട്ടി വളര്ത്തണ്ടേ? ഇനി കൊറച്ചു നാള് ഇതവടിരിക്കട്ടെ! ഫോണ്‍ പോക്കറ്റില്‍ തിരുകിക്കൊണ്ട്മൂത്ത് റിപ്പബ്ലിക്കന്‍ പറഞ്ഞു. “അടുത്ത കവലാന്നു പറയുമ്പോ ചിങ്ങമ്പള്ളീലോ? ഏയ്അവടെ പറ്റത്തില്ല. അവമ്മരെയൊന്നും നമ്മടെ പാര്ട്ടീല്‍ കേറ്റാന്‍ കൊള്ളില്ല. ഇന്നാളൊരു കല്യാണത്തിനു ലൈന്‍ വലിച്ചുന്ന്‍ പറഞ്ഞ് എന്നാ ബഹളമാരുന്നു. അങ്ങനെ എന്‍റെ മൈക്ക് സെറ്റും കൊണ്ട് അവമ്മാര് സുഖിയ്ക്കണ്ട. ശിവന്‍കുട്ടി ചൊടിച്ചു. എന്ന് പറഞ്ഞാ ഞങ്ങള്‍ക്ക് പാര്‍ട്ടി വളര്ത്തണ്ടേ? പോരാത്തതിന് മൈക്ക് സെറ്റ് ചേട്ടന്‍ പാര്‍ട്ടിയ്ക്ക് സംഭാവന ചെയ്തതല്ലേ? “ഇനിയിപ്പോ ശിവന്‍കുട്ടിയ്ക്ക് സലാം വെയ്ക്കണേല്‍ അടുത്ത കവലേല്‍ പോണം. കടയ്ക്കുള്ളില്‍ നിന്നും അശരീരി കേട്ട് ശിവന്‍കുട്ടി തന്‍റെ മൈക്കിനെ ദയനീയമായ് നോക്കി.
പിറ്റേന്നും അതിന്‍റെ പിറ്റേന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ശിവന്‍കുട്ടിയ്ക്ക് ഉറക്കം കിട്ടിയില്ല. തന്‍റെ മൈക്ക് സെറ്റ് കവലകളില്‍ നിന്ന് കവലകളിലേയ്ക്ക് ഒരു ദാക്ഷണ്യവുമില്ലാതെ മാറ്റി സ്ഥാപിയ്ക്കപ്പെടുന്നത് സ്വപ്നം കണ്ട്  അയാള്‍ പല രാത്രികളില്‍ ഞെട്ടിയുണര്‍ന്നു.
ഒരിയ്ക്കല്‍ നേരം തെറ്റിയ നേരത്ത് ഏതോ ഒരു കവലയിലെ പാര്‍ട്ടി ഓഫീസിന്‍റെ ചുവരില്‍ മറഞ്ഞു നിന്ന് തന്‍റെ മൈക്ക് സെറ്റിനെ ഉറ്റു നോക്കിയിരുന്ന ശിവന്‍കുട്ടിയെ ചില നേതാക്കള്‍ കയ്യോടെ പിടികൂടി. “താന്‍ രണ്ടു ദിവസമായല്ലോ ഇവിടെ കിടന്നു കറങ്ങുന്നു, എന്നാ കാര്യം? കയ്യെടടാ ഞാനെന്‍റെ മൈക്ക് സെറ്റ് കാണാന്‍ വന്നതാ! തന്‍റെ കോളറില്‍ പിടുത്തമിട്ടവന്‍റെ കൈ തട്ടിമാറ്റിക്കൊണ്ട് ശിവന്‍കുട്ടി ചീറി. “നിന്‍റെ മൈക്ക് സെറ്റ് സത്യം പറ നീ ഞങ്ങടെ രഹസ്യ യോഗം ചോര്‍ത്താന്‍ വന്നതല്ലേ? ദേ തെണ്ടിത്തരം പറയല്ല് ഞാന്‍ പാര്‍ട്ടീടെ ആജീവനാന്ത മെമ്പറാ! ശിവന്‍കുട്ടി വിട്ടു കൊടുത്തില്ല. “ തെളിവുണ്ടോ?യുവ തലമുറയിലെ ഒരു റിപ്പബ്ലിക്കന്‍ ചോദിച്ചു. ശിവന്‍കുട്ടി മൂകനായ്. തെളിവൊന്നമില്ല നിങ്ങലെന്നായൊക്കെ പറഞ്ഞാലും മൈക്ക് സെറ്റ് എന്‍റെയാ ! പിടിച്ചു നില്‍ക്കാന്‍ ശിവന്‍കുട്ടി അവസാന അടവെടുത്തു. “കളിച്ചു കളിച്ചു പാര്‍ട്ടി ചിഹ്ന്നത്തോടയോ കളി. വയസിനു മൂത്ത് പോയി. ഇനിയീ പരിസരത്ത് കണ്ടു പോകരുത്. റിപ്പബ്ലിക്ക്ന്മാര്‍ ഒന്നടങ്കം ശിവന്‍കുട്ടിയെ വളഞ്ഞു. ദയനീയമായ് തന്‍റെ മൈക്ക് സെറ്റിനെ ഒരു വട്ടം നോക്കി അയാള്‍ തിരിഞ്ഞു നടന്നു.
അന്നു രാത്രി ശിവന്‍കുട്ടി തീരുമാനിച്ചു, എന്ത് കൊടുത്തും തന്‍റെ കോളാമ്പി മൈക്ക് തിരിച്ചു കൈക്കലാക്കണം. തന്‍റെ കോളാമ്പി കൊണ്ട് ഒരുത്തനും അങ്ങനെ ആലാവണ്ട. അതിപ്പൊ കട്ടിട്ടായാലും വേണ്ടില്ല. അവമ്മാരെ ഒരു പാഠം പഠിപ്പിയ്ക്കണം. ഏതു പടത്തിലും ഏന്തി വലിഞ്ഞു കയറാനുള്ള ചങ്കൂറ്റമുണ്ട് തനിയ്ക്ക്.
അടുത്ത രാത്രി തന്നെ പാതിരാക്കൊഴി കൂവിയ നേരം നോക്കി ശിവന്‍കുട്ടി ചാത്തങ്കേരി കവലയിലെത്തി. ഇതിനകം അയാളുടെ മൈക്ക് സെറ്റ് മൂന്നു കവലകള്‍ പിന്നിട്ടിരുന്നു. കാലാകാലങ്ങലായ് താന്‍ ആര്‍ജ്ജിച്ചെടുത്ത കഴിവ് വെച്ച് അയാള്‍ പോസ്റ്റില്‍ വലിഞ്ഞു കയറി. പോസ്റ്റിന്‍റെ തുഞ്ചത്ത് എത്തിയ ശിവന്‍കുട്ടി തന്‍റെ മൈക്കിനെ നിറഞ്ഞ സന്തോഷത്തോടെ കെട്ടിപ്പുണര്‍ന്നു. പോടീ പിടിച്ച ആമ്പ്ലിഫയറില്‍ ഉമ്മ വെയ്ക്കാന്‍ പോലും അയാള്‍ക്ക്മടിയുണ്ടായില്ല. മേന മാസത്തിലെ ഉഷ്ണം പിടിച്ച രാത്രിയായിരുന്നു അത്. പോസ്റ്റിനു മുകളില്‍ ഒരു കൂമനെ പോലെ അള്ളിപ്പിടിച്ചിരുന്ന്‍, പോക്കറ്റില്‍ നിന്നും സ്ക്രൂ ഡ്രൈവര്‍ എടുത്ത് നിലാവെളിച്ചത്തില്‍ അയാള്‍ നട്ടുകള്‍ ഓരോന്നായ് അഴിച്ചെടുത്തു. തൊട്ടപ്പുറത്തെ ചൊലക്കാട്ടില്‍ നിന്നും തണുത്ത കാറ്റ് ഒരാശ്വാസം എന്നോണം ശിവന്‍കുട്ടിയുടെ വിയര്‍പ്പിന്‍റെ മണം പിടിച്ച് വന്നു. അവസാനത്തെ നട്ട്. അതല്‍പ്പം കടുപ്പമാണ്. ഹാക്സോ ബ്ലേഡ് കൊണ്ട് മുറിക്കണോ. വേണ്ട മുറിച്ചു കളയണ്ട. അയാള്‍ സ്ക്രൂ ഡ്രൈവര്‍ കൊണ്ടു സര്‍വ്വ ശക്തിയും എടുത്ത്  ശ്രമം തുടര്‍ന്നുഒരു നിമിഷം, നട്ടില്‍ നിന്നും സ്ക്രൂ ഡ്രൈവര്‍ തെന്നിയതും ശിവന്‍കുട്ടിയുടെ ബാലന്‍സ് പോയതും ഒരുമിച്ച്.ശിവന്‍കുട്ടി നേരെ താഴേയ്ക്ക്. ഭാഗ്യം കാലു കുത്തിയാണ് വീണത്.എന്നാലും എഴുന്നേല്‍ക്കാന്‍ വയ്യ.കാലില്‍ സൂചി കുത്തുന്ന വേദന. ഒടിഞ്ഞ കാലും തൂക്കി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ പോസ്റ്റിനു മുകളില്‍ ശിവന്‍കുട്ടിയുടെ കോളാമ്പി മൈക്ക് ഒറ്റ നട്ടില്‍ തൂങ്ങിയാടി.
പിറ്റേന്ന് നീര് വന്നു വീങ്ങിയ കാല് ഉത്തരത്തില്‍ കെട്ടിത്തൂക്കി ഉമ്മറത്ത്വിശ്രമിയ്ക്കുമ്പോഴാണ്റിപ്പബ്ലിക്കന്മാര്‍ ശിവന്‍കുട്ടിയെ കാണാന്‍ എത്തിയത്. “ഇതെന്നാ പറ്റി ശിവന്‍ ചേട്ടാ കാലിന്. വല്ല മരതെന്നും വീണോ? നല്ല നീരുണ്ടല്ലോ? ഒരു ചക്ക പറിയ്ക്കാന്‍ കേറീതാ. കാലൊന്നു വഴുതി. ശിവന്‍കുട്ടി റിപ്പബ്ലിക്കന്‍മാരുടെ മുഖത്ത് നിന്നും നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു. “അതിനു ചക്ക മൂക്കാന്‍ തുടങ്ങിയതല്ലേ ഉള്ളു. നേതാവ് സംശയിച്ചപ്പോള്‍ ശിവന്‍കുട്ടി ഒന്ന് പരുങ്ങി. പുഴുങ്ങാനോ, വറക്കാനോ ആയിരിയ്ക്കും.നേതാവ് സ്വയം തിരുത്തിയപ്പോള്‍ ശിവന്‍കുട്ടിയുടെ മുഖത്ത് ആശ്വാസം. “ പിന്നെ ഞങ്ങള് വന്നതേ ദേ ഇതിവിടെ തരാനാ. ഇളയ റിപ്പബ്ലിക്കന്‍റെ കയ്യിലെ കോളാമ്പി മൈക്ക് അപ്പോള്‍ മാത്രമാണ് ശിവന്‍കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്. പാര്‍ട്ടി വീണ്ടും പിളര്‍ന്നു. ഇനിയിപ്പോ ഇതും കൊണ്ട് വലിയ ഗുണമൊന്നുമില്ല. അയാള്‍ കോളാമ്പി മൈക്ക് ഉമ്മറപ്പടിയിലെയ്ക്ക് വെച്ചു. എന്നാ ഞങ്ങള് പോയേക്കുവാ പുതിയ പാര്‍ട്ടിയ്ക്ക് പുതിയ പേരും പുതുയ പാര്‍ട്ടി ചിഹ്ന്നവും തീരുമാനിയ്ക്കുന്നത്തിന്‍റെ കൂടിയാലോച്ചനയാ! വരട്ടെ?
അവര്‍ നടന്നകന്നപ്പോള്‍ ശിവന്‍കുട്ടി തന്‍റെ മൈക്കിലേയ്ക്ക് സൂക്ഷിച്ചു നോക്കി. തലേന്ന് രാത്രി ഊരാതെ കിടന്ന നട്ട് അതിനകം ഒടിഞ്ഞു പോയിരുന്നു.






























.




2 അഭിപ്രായങ്ങൾ:

  1. ഇന്നർ മീനിങ്ങ്സുള്ള ലേയേർഡ് പാറ്റേണ്‍ കൊള്ളാം. വായനക്കാരന്റെ ഭാഗത്ത് നിന്നും ചിന്ത അനിവാര്യം

    മറുപടിഇല്ലാതാക്കൂ
  2. ലിങ്ക് തുറന്നുവന്നപ്പോള്‍ വലിയ പേജ്. കണ്പണ്ക ല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഇ വായനയുടെ ആലസ്യത്തിലായിരുന്നതിലാല്‍ പ്രിന്റ് എടുത്തു... എന്തായാലും വെറുതെ ആയില്ല. വായിക്കാം..വളരെ ലളിതമായ ഭാഷയില്‍ കുറെ ചിന്താശകലങ്ങള്‍..വായിച്ചു,,ചിന്തിച്ചു..പിന്നെ ചിരിച്ചുു...

    മറുപടിഇല്ലാതാക്കൂ